കൊല്ലങ്കോട്: പുതുനഗരം റെയിൽവേ പാളത്തിൽ വിരിഞ്ഞപ്പാടം തുരങ്കപാതയുടെ മുകൾഭാഗത്ത് ഒരാളെ മരിച്ചനിലയിലും മറ്റൊരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയതിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിനെ (19) കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആറിന് മരിച്ചനിലയിലും ഇരുപത് മീറ്റർ അകലെ കരിപ്പാലി തുരിശുമൊക്ക് സുമേഷിനെ (21) അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്
രാത്രി പത്തിനും പത്തരയ്ക്കും ഇടയിൽ ഇതുവഴി കടന്നുപോയ തിരുച്ചെന്തൂർ പാലക്കാട്-ട്രിച്ചി ട്രെയിൻ തട്ടിയാകാം മരിച്ചതെന്നാണ് പുതുനഗരം പോലീസ് സ്റ്റേഷൻ എസ് ഐ പ്രതാപിന്റെ നിഗമനം. മൃതദേഹത്തിന്റെ പ്രാഥമിക പരിശോധന സമയത്തും പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകുന്പോഴും കഞ്ചാവ്, മയക്കുമരുന്ന് ഗുളികൾ എന്നിവ വസ്ത്രത്തിന്റെ പോക്കറ്റിൽനിന്നും കണ്ടെടുത്തിരുന്നു.
ഇതുവരെ സുമേഷിന് ബോധം തിരിച്ചുകിട്ടാത്തതിനാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ പോലീസിനും കഴിയാത്ത സ്ഥിതിയാണ്. എന്നാൽ കഞ്ചാവ് മാഫിയകൾ ഇവരെ വകവരുത്തിയതാണെന്ന സംശയമാണ് ബന്ധുകൾക്കുള്ളത്. മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റിയതു മുതൽ ദുരൂഹതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വരാതെ അതിനുമുന്പ് ട്രെയിൻ ഇടിച്ചാണ് അപകടം നടന്നിരിക്കുന്നതെന്ന പോലീസ് നിഗമനം വിശ്വാസയോഗ്യമല്ലെന്നും അവർ പറഞ്ഞു.
കൂടുതൽ ട്രെയിനുകളോ ചരക്കുവണ്ടികളോ ഓടാത്ത പാളത്തിൽ ട്രെയിനു മുന്നിൽചാടി അപകടമുണ്ടായാൽ അടുത്തുള്ള സ്റ്റേഷനിൽ ലോക്കോ പൈലറ്റ് വിവരം നല്കണമെന്നതാണ് റെയിൽവേ നിയമം. എന്നാൽ പുതുനഗരം റെയിൽവേ സ്റ്റേഷനിൽ അപകടം നടന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ട്രെയിൻതട്ടി മരിച്ചതാണെങ്കിൽതന്നെ സ്റ്റേഷനുമായി ബന്ധപ്പെട്ട് അപകടം സ്ഥിരീകരിക്കാതെ മൃതദേഹം മാറ്റിയത് എന്തിനെന്നാണ് ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നത്.
സംഭവം സ്ഥിരീകരിക്കാതിരുന്നിട്ടും ഡ്വോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം, സയന്റിഫിക് വിഭാഗം എന്നിവയെ ഉപയോഗിച്ചുള്ള പരിശോധനയും നടന്നിട്ടില്ല. ട്രെയിൻ ഇടിച്ച് മരിച്ചതാണെങ്കിൽ സംഭവസ്ഥലത്ത് രക്തത്തിന്റെ പാടുകൾ കാണാത്തത് എന്തുകൊണ്ടാണെന്നും ഇവർ ചോദിച്ചു
പുലർച്ചെ അഞ്ചിനുള്ള പാലക്കാട് തിരുച്ചെന്തൂർ ട്രെയിൻ ഇടിച്ചതാണെങ്കിൽ കൊല്ലങ്കോട് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ഇതുണ്ടായിട്ടില്ല. മൃതദേഹം മരവിക്കണമെങ്കിൽ നാലുമുതൽ ആറുമണിക്കൂർ വേണമെന്നിരിക്കേ രാവിലെ ആറിനു കണ്ടെത്തിയ മൃതദേഹം മരവിച്ച നിലയിലായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
സംഭവം നടക്കുന്നതിനുമുന്പ് കൊല്ലങ്കോട് എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവിടെ പരിശോധന നടത്തിയെന്നും എക്സൈസ് സംഘം ഇവിടെ എത്തുന്പോഴേക്കും കഞ്ചാവ് മാഫിയ ട്രാക്കിൽനിന്നും ഓടിരക്ഷപ്പെട്ടതായും എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാർ പറഞ്ഞു.
ഈ സാഹചര്യത്തിൽ ജിബിന്റെ മരണത്തെപ്പറ്റിയും സുമേഷ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ തുടരുന്നതിനെക്കുറിച്ചും സമഗ്രാന്വേഷണം നടത്തി എത്രയുംവേഗം ദുരൂഹത നീക്കി കുറ്റക്കാരായവരെ കണ്ടെത്തണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നത്.