സ്വന്തം ലേഖകൻ
തൃശൂർ: ട്രെയിൻ യാത്രികരേ….ഒരൽപ്പം ശ്രദ്ധിക്കൂ….ഒരു നിമിഷത്തെ അശ്രദ്ധയോ വെപ്രാളമോ ജീവൻ നഷ്ടപ്പെടുന്നതോ ജീവിതകാലം മുഴുവൻ മരിച്ചതിനൊക്കുന്ന സ്ഥിതിയിലേക്കോ ചെന്നെത്തുന്ന അവസ്ഥ ഒഴിവാക്കാൻ ഒരൽപം ശ്രദ്ധ മതി.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയും ഇന്നുമായി മൂന്നുപേരാണ് ട്രെയിനിൽ നിന്നു വീണ് പരിക്കേറ്റത്. ധൃതിയും വെപ്രാളവുമൊക്കെയാണ് അപകടങ്ങളുടെ അടിസ്ഥാന കാരണങ്ങൾ. ഓടിത്തുടങ്ങുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങുക, ചാടിക്കയറുക എന്നിവയാണ് അപകടങ്ങൾക്ക് മിക്കപ്പോഴും കാരണമാകുന്നത്.
ട്രെയിനിൽ നിന്നുമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഒരൽപം ശ്രദ്ധയും കരുതലും മതി. ഇറങ്ങേണ്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്പോഴാണ് ചിലർ അബദ്ധം മനസിലാക്കി ചാടിയിറങ്ങാൻ ശ്രമിക്കുന്നത്. ഇതാണ് പല അപകടങ്ങളുടെയും പ്രധാന കാരണം.
അടുത്ത സ്റ്റേഷനിൽ ഇറങ്ങിയാലും കുഴപ്പമില്ലെന്ന് ചിന്തിക്കാനുള്ള മാനസികാവസ്ഥ ആ സമയത്ത് ട്രെയിൻ യാത്രികർക്ക് ഉണ്ടാവില്ലെന്ന് ഈ വിഷയത്തെക്കുറിച്ച് പഠിച്ച മനശാസ്ത്രജ്ഞർ പറയുന്നു. മൊബൈൽ ഫോണും ടെക്നോളജിയുമൊക്കെ ഏറെ വികസിച്ച ഇക്കാലത്തു പോലും വിദ്യാഭ്യാസമുള്ളവർ വരെ ഇത്തരത്തിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ പെടുന്ന സംഭവങ്ങൾ പതിവാണ്.
ട്രെയിനിൽ നിന്ന് സ്റ്റേഷനിലിറങ്ങി എന്തെങ്കിലും വാങ്ങാൻ പോകുന്നതിനിടെ ട്രെയിൻ പോകാൻ തുടങ്ങുന്പോൾ ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നവരും അപകടത്തിലേക്കാണ് എടുത്തു ചാടുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് നീങ്ങാൻ തുടങ്ങുന്ന ട്രെയിനിന്റെ വേഗത നിമിഷനേരം കൊണ്ട് മാറുമെന്നതിനാൽ അതിലേക്ക് ചാടിക്കയറുന്ന യാത്രക്കാരന്റെ കണക്കുകൂട്ടൽ തെറ്റുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു.
ട്രെയിൻ പോയാൽ പിന്നെന്തു ചെയ്യുമെന്നും ലഗേജും മറ്റും ആ ട്രെയിനിൽ അല്ലേ എന്നും വീട്ടുകാർ പലപ്പോഴും ട്രെയിനിലായിരിക്കുമെന്നും അത്തരം സാഹചര്യത്തിൽ ചാടിക്കയറുകയല്ലാതെ വേറെന്തു ചെയ്യുമെന്നും ചോദിക്കുന്ന യാത്രികരും കുറവല്ല. സ്വന്തം ജീവൻ നഷ്ടപ്പെടുത്താതിരിക്കാനാണ് ചാടിക്കയറരുതെന്ന് പറയുന്നതെന്ന മറുപടി മാത്രമേ ഇവർക്ക് നൽകാനുള്ളൂ.
പലപ്പോഴും ഗുരുതരമായി പരിക്കേറ്റ്, കാലുകളറ്റ് ജീവിതകാലം മുഴുവൻ എഴുനേറ്റു നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയിലേക്ക് വീണുപോയിട്ടുള്ള നിരവധി പേരുണ്ട്.എന്നാൽ അപകടങ്ങൾ തുടർക്കഥയാകുന്പോഴും യാത്രക്കാർ ബോധവാൻമാരല്ല എന്നതാണ് വാസ്തവം.