കൊല്ലം: ഓടുന്ന ട്രെയിനുകളിൽ യാത്രക്കാർക്കായി എടിഎം അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾ വരുന്നു. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമെന്ന് വിശേഷിപ്പിക്കുന്ന ട്രെയിനിലെ എടിഎം സേവനത്തിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി.
നാസിക്കിലെ മൻമാഡിനും മുംബൈയ്ക്കും മധ്യേ സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസിന്റെ എസി കോച്ചിലാണ് ട്രെയിനിൽ ഘടിപ്പിച്ച രാജ്യത്തെ ആദ്യ എടിഎമ്മിന്റെ പരീക്ഷണം വിജയകരമായത്.
യാത്രയ്ക്കിടയിൽ ഇഗത്പുരിനും കസാരയ്ക്കും മധ്യേയുള്ള മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത ഭാഗത്ത് കൂടെ ട്രെയിൻ കടന്നുപോയപ്പോൾ ഏതാനും മിനിറ്റുകൾ മെഷീനിൽ സിഗ്നൽ നഷ്ടപ്പെട്ടത് ഒഴിച്ചാൽ പരീക്ഷണം സുഗമമായിരുന്നു എന്നാണ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. തുരങ്കങ്ങൾ ഉണ്ടായിരുന്ന സ്ഥലത്താണ് നെറ്റ്വർക്ക് നഷ്ടപ്പെട്ടത്.
എങ്കിലും ഫലങ്ങൾ മികച്ചതായിരുന്നു. സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കും. മെഷീനിന്റെ തടസമില്ലാത്ത പ്രവർത്തനത്തിന് എല്ലാ സാങ്കേതിക സാധ്യതകളും തുടർന്നും പരിശോധിക്കുമെന്നും ഉയർന്ന റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റെയിൽവേയുടെ ഭുസാവൽ ഡിവിഷനും ബാങ്ക് ഒഫ് മഹാരാഷ്ട്രയും തമ്മിലുള്ള സഹകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ പരീക്ഷണ അടിസ്ഥാനത്തിൽ എടിഎം സ്ഥാപിച്ചത്.പഞ്ചവടി എക്സ്പ്രസിന്റെ 22 കോച്ചുകളും പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളവയാണ്. അതിനാൽ ഏത് കോച്ചിൽ യാത്ര ചെയ്യുന്നവർക്കും തടസമൊന്നും ഇല്ലാതെ എടിഎം കൗണ്ടറിൽ എത്തുകയും ചെയ്യാം.
നിലവിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും ട്രെയിനിലെ എടിഎമ്മിലും ലഭിക്കും. പഞ്ചവടി എക്സ്പ്രസിന്റെ റേക്ക് മുംബൈ- ഹിംഗോളി ജനശതാബ്ദി എക്സ്പ്രസുമായി പങ്കിടുന്നതിനാൽ ഹിംഗോളിയിലേക്കുള്ള ദീർഘദൂര യാത്രക്കാർക്കും ഈ മെഷീനിന്റെ സേവനം ലഭ്യമാകും. രണ്ട് ട്രെയിനുകൾക്കുമായി നിലവിൽ മൂന്ന് റേക്കുകൾ ഉണ്ട്. ഇവ മൂന്നിലും എടിഎം പ്രവർത്തിക്കും.
ഓൺ ബോർഡ് എടിഎം സേവനം സുരക്ഷിതവും സുതാര്യവും ജനപ്രിയവുമായാൽ രാജ്യത്ത മറ്റ് പ്രധാന ട്രെയിനുകളിലും ഇത് ഉടൻ ഏർപ്പെടുത്താനാണ് റെയിൽവേ ബോർഡിന്റെ തീരുമാനം.
- എസ്.ആർ. സുധീർ കുമാർ