കോട്ടയം: ട്രെയിൻ യാത്രക്കാരനെ അടിച്ചു വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമിച്ചതിന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത ഗുജറാത്ത് ഗാന്ധിനഗർ സ്വദേശി ജ്യോതിഷ് കുമാർ (26) ജോലി അന്വേഷിച്ചു പോകുന്പോഴാണ് കവർച്ചാ ശ്രമമെന്ന് പോലീസ്. പ്ലസ്ടു വരെ പഠിച്ച ഇയാൾ മൂന്നു മാസം മുൻപാണ് ജോലി അന്വേഷിച്ച് കേരളത്തിൽ എത്തിയത്. ഇതുവരെ കൊല്ലത്ത് ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ചയായി ജോലിയില്ലാതെ വലഞ്ഞ ഇയാൾ ജോലി അന്വേഷിച്ച് പോകുന്പോഴാണ് യാത്രക്കാരനെ ആക്രമിച്ച് മാല തട്ടാൻ ശ്രമിച്ചത്.
പണമുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്നാണ് പോലീസ് പറയുന്നത്. മുൻപ് ഇയാൾ കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിരുന്നില്ല എന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമയാത്. ഇയാളുടെ സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ട് പോലീസ് സംസാരിച്ചു. അതുപോലെ ഗുജറാത്ത് പോലീസുമായും റെയിൽവേ പോലീസ് ബന്ധപ്പെട്ടു. പ്രതിയെ ഇന്നലെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി.
റെയിൽവേ എസ്.ഐ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെ മംഗലാപുരം കൊച്ചുവേളി സ്പെഷൽ ട്രെയിനിന്റെ ജനറൽ കംപാർട്ട്മെന്റിൽ കായംകുളം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ മാധവനെ ആക്രമിച്ച് മാല തട്ടാനായിരുന്നു ശ്രമം. കോഴിക്കോടു നിന്നാണ് മാധവൻ ട്രെയിനിൽ കയറിയത്.
കായംകുളം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ സമയം കംപാർട്ട്മെന്റിൽ എത്തിയ ജ്യോതിഷ് മാധവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. മാല പൊട്ടിക്കാനുള്ള ശ്രമം മാധവൻ തടഞ്ഞതോടെ ഇരുവരും തമ്മിൽ പിടിവലിയായി. ഇതിനിടെ ജ്യോതിഷ് മാധവന്റെ മുഖത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മാധവൻ പിടിവിട്ടതോടെ സമീപത്തുണ്ടായിരുന്ന ബാഗ് എടുത്ത് മാധവന്റെ തലയിൽ അടിച്ചു വീഴ്ത്താൻ ശ്രമിച്ചു. ഇതോടെ കംപാർട്ട്മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ചേർന്ന് ജ്യോതിഷിനെ പിടികൂടി.
തുടർന്നു റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു. സ്റ്റേഷനിലും, ട്രെയിനിലുമുണ്ടായിരുന്ന പോലീസുകാർ ചേർന്ന് ജ്യോതിഷിനെ പിടികൂടി. തുടർന്നു കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചു. മാധവന്റെ മൊഴിയെടുത്ത ശേഷം സംഭവത്തിൽ പോലീസ് കേസെടുത്തു.