തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് ഈ മാസം 31 വരെ നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് ഡിവിഷനിൽ റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. വ്യാഴ്ച മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി സതേണ്‍ റെയിൽവേ അറിയിച്ചു.
നാഗർകോവിൽ ബാംഗളൂർ എറനാട് എക്സ്പ്രസ് വ്യാഴാഴ്ച രണ്ടുമണിക്കൂർ ഇവിടെ നിർത്തിയിടും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആലപ്പുഴ ധൻബാദ് എക്സ്പ്രസ് മുക്കാൽ മണിക്കൂറും എറണാകുളം ബാംഗളൂർ എക്സ്പ്രസ് അരമണിക്കൂറും നിർത്തിയിടും. തിരുവനന്തപുരം മുംബൈ സിഎസ്ടി എക്സ്പ്രസ് 23ന് അരമണിക്കൂർ നിർത്തിയിടും.
വ്യാഴാഴ്ച മുതൽ 31 വരെയുള്ള ദിവസങ്ങളിൽ പാലക്കാട് എറണാകുളം മെമു പാലക്കാട്-ലക്കിടി റൂട്ടിൽ സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ ശബരി എക്സ്പ്രസ് അരമണിക്കൂർ നിർത്തിയിടും. കോർബ-തിരുവനന്തപുരം പ്രതിവാര ട്രെയിൻ ഈമാസം 22, 25, 29 തീയതികളിൽ 50 മിനിറ്റ് നിർത്തിയിടും. ഈ മാസം 25 മുതൽ ജനുവരി ഒന്നു വരെയുള്ള ദിവസങ്ങളിൽ പൂനെ-എറണാകുളം പൂർണ എക്സ്പ്രസ് ഒരു മണിക്കൂർ നിർത്തിയിടും.
നാഗർകോവിൽ മാംഗ്ലൂർ എറനാട് എക്സ്പ്രസ് 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ഒരു മണിക്കൂർ നിർത്തിയിടും. തിരുപ്പൂർ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് ഈ മാസം 24ന് 40 മിനിറ്റ് വൈകി രാവിലെ 6.55നായിരിക്കും തിരുവനന്തപുരത്തു നിന്നു പുറപ്പെടുക. 22ന് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടേണ്ട പാറ്റ്ന എറണാകുളം എക്സ്പ്രസ് 1.40 മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക.