കോട്ടയം: ട്രെയിനുകളിൽ യാചകശല്യം രൂക്ഷം. സംഘടിതമായി പ്രവർത്തിക്കുന്നസംഘങ്ങൾ യാത്രക്കാരിൽ ഭീതിയും പരത്തുന്നു. സ്ഥിരം ട്രെയിനുകളേക്കാൾ ദീർഘദൂര വണ്ടികളിലാണു യാചകശല്യം രൂക്ഷമായിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ചാണു വലിയൊരുസംഘം പ്രവർത്തിക്കുന്നതെന്ന് പറയുന്നു. തിരുവനന്തപുരം, കൊല്ലം എന്നീ സ്റ്റേഷനുകളിൽനിന്നും ട്രെയിനുകളിൽ കയറുന്ന സംഘങ്ങൾ പാലക്കാട്, കോയന്പത്തൂർ, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇറങ്ങുന്നത്.
മുൻകാലങ്ങളിൽ ഒറ്റപ്പെട്ട യാചകരായിരുന്നെങ്കിൽ ഇപ്പോൾ സംഘടിതമായാണ് എത്തുന്നത്. വൻമാഫിയയാണു പിന്നിൽ പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്. കൊല്ലത്ത് വീടുകൾ വാടകയ്ക്കു എടുത്തു കൂട്ടമായി താമസിക്കുകയാണ്. വിവിധ അഭ്യർഥനകളുമായി എത്തുന്ന പലരുടെയും കൈയിൽ വിലകൂടിയ മൊബൈൽ ഫോണ് അടക്കമുളളവ ഉണ്ടെന്ന് റെയിൽവേ ജീവനക്കാർ തന്നെ പറയുന്നു. യാചകരെന്ന പേരിൽ മോഷ്ടാക്കൾ അടക്കമുള്ളവരും ട്രെയിനുകളിൽ കടന്നുകൂടുന്നതായി യാത്രക്കാർ പറയുന്നു.
യാചകരെന്ന വ്യാജേന എത്തുന്ന സംഘങ്ങൾ യാത്രക്കാരിൽനിന്നു പണവും മറ്റും അപഹരിക്കുന്ന കേസുകളും വർധിക്കുകയാണ്. സ്ത്രീകളെ അടക്കം ഉപദ്രവിക്കാൻ ശ്രമിച്ച സംഭവങ്ങളുമുണ്ട്. യാചകരുടെ സാന്നിധ്യം സുരക്ഷാ ഭീഷണി ഉയർത്തിയിട്ടും നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു കാര്യമായ നടപടി ഉണ്ടാകുന്നില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഇത്തരക്കാരുടെ ശല്യംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ശല്യം ഒഴിവാക്കാൻ പലരും പണം നൽകുകയാണു ചെയ്യുന്നത്.
ഭിക്ഷാടനം പൂർണമായി ഒഴിവാക്കുന്നതിന് തങ്ങൾക്കു പരിമിതിയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇവരെ അറസ്റ്റു ചെയ്തുനീക്കിയാലും പുനരധിവാസം എന്നത് കടന്പയായി നിലനിൽക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഒരുസ്ഥലത്തുനിന്നും യാചകരെ പറഞ്ഞുവിടുന്പോൾ അവർ മറ്റൊരു സ്ഥലത്ത് ചേക്കേറുന്ന അവസ്ഥയാണ്.
ചില ഉദ്യോഗസ്ഥർ ഇത്തരം സംഘങ്ങളെ സഹായിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. ടിടി സ്ക്വാഡുകൾ ഭിക്ഷാടകർക്കെതിരെ നടപടി എടുക്കാറുണ്ടെന്ന് റെയിൽവേ അധികൃതർ പറയുന്നു.