അത് പക്ഷിയും വിമാനവുമല്ല, വീഡിയോ എഡിറ്റിംഗായിരുന്നു! ബിജെപിയുടെ മറ്റൊരു അവകാശവാദം കൂടി പൊളിഞ്ഞു; വന്ദേഭാരത് എക്‌സ്പ്രസിനെയും റെയില്‍വെ മന്ത്രിയെയും ട്രോളി സോഷ്യല്‍മീഡിയ

ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പലവിധത്തിലുള്ള എഡിറ്റിംഗ് അപാരതകള്‍ രാജ്യം കണ്ടിട്ടുണ്ട്. മോദി പങ്കെടുക്കുന്ന റാലികളില്‍ ഇല്ലാത്ത ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയും മറ്റുപല ന്യായീകരണങ്ങള്‍ക്കായുമെല്ലാം ഫോട്ടോഷോപ്പിനെ അവര്‍ ആയുധമാക്കുറുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്ന സമൂഹം പക്ഷേ ഇവയെല്ലാം പൊളിച്ചടുക്കുകയാണ് പതിവ്. ഇത്തവണയും ഏറ്റവുമൊടുവില്‍ നടത്തിയ ഒരു ഫോട്ടോഷോപ്പും എതിരാളികള്‍ പൊളിച്ചടുക്കിയിരിക്കുകയാണ്.

കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പുറത്തുവിട്ട രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേഭാരത് എക്സ്പ്രസിന്റെ വീഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് പുതിയ ആരോപണം. ഇതൊരു പക്ഷിയാണെന്നും വിമാനമാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണെന്നും മന്ത്രി വീഡിയോ പുറത്ത് വിട്ട് ട്വിറ്ററില്‍ കുറിച്ചിരുന്നു.

എന്നാല്‍, നിമിഷങ്ങള്‍ക്കകം വീഡിയോയിലെ ‘ എഡിറ്റിങ്’ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്ത് വന്നു. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മന്ത്രി പുറത്ത് വിട്ടത്. ഇതില്‍ വന്ദേഭാരത് എക്സ്പ്രസ് ചീറിപ്പായുന്നതാണുണ്ടായിരുന്നത്. എന്നാല്‍, വീഡിയോ കാണുമ്പോള്‍ തന്നെ ഇതില്‍ ഫ്രെയിമുകളുടെ വേഗത വര്‍ധിപ്പിച്ചതായി കാണാന്‍ സാധിക്കും.

ബിജെപിക്ക് എത്രത്തോളം തരംതാഴാന്‍ സാധിക്കും എന്നതിന്റെ തെളിവാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ട്രെയിനിന്റെ വീഡിയോ എഡിറ്റ് ചെയ്താണ് പുറത്തിറക്കിയിരിക്കുന്നത്. ഇത്തരം എഡിറ്റിങ് ആണെങ്കില്‍ ശതാബ്ദി എക്സ്പ്രസ് വരെ ഇതിലും വേഗത്തിലോടും എന്നും കോണ്‍ഗ്രസ് ബിജെപിയെ പരിഹസിച്ചു. ഫെബ്രുവരി 15ന് വാരണാസിഡല്‍ഹി റൂട്ടില്‍ വന്ദേഭാരത് എക്സ്പ്രസ് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് റെയില്‍വേ മന്ത്രി ട്രെയിനിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് വേഗം. സോഷ്യല്‍മീഡിയയില്‍ ഇതുസംബന്ധിച്ച് ട്രോളുകളുടെ പൂരമാണ്.

Related posts