സന്തോഷ് പ്രിയൻ
കൊല്ലം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ദിവസങ്ങൾക്കു മുന്പേ ഇളവ് അനുവദിക്കുകയും വ്യവസായ സ്ഥാപനങ്ങൾ മാനദണ്ഡപ്രകാരം തുറക്കുകയും ചെയ്തിട്ടും പൊതുഗതാഗത സൗകര്യമില്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി.
മിക്ക സ്ഥാപനങ്ങളിലും അന്പത് ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തനം തുടങ്ങിയെങ്കിലും കെഎസ്ആർടിസി, ട്രെയിൻ സർവീസുകൾ ഇല്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള അവശ്യസ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിർമാണ തൊഴിലാളികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിരവധി പേരാണ് യാത്രാ സൗകര്യമില്ലാതെ വലയുന്നത്.
ഇത്തരം സ്ഥാപനങ്ങൾ തുറന്നതോടെ സർവീസ് നടത്തിയിരുന്ന ഏതാനും ട്രെയിനുകൾകൂടി റെയിൽവേ അധികൃതർ നിർത്തലാക്കിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. ലോക്ക് ഡൗണിൽ ജോലിക്ക്് പോകേണ്ടിയിരുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന ജനശതാബ്ദി എക്സ്പ്രസ് കൂടി നിർത്തലാക്കിയതോടെയാണ് അയൽജില്ലകളിലേക്കുൾപ്പെടെ പോകേണ്ടുന്നവർ ശരിക്കും കുടുങ്ങിയത്.
യാത്രക്കാരുടെ കുറവ് മൂലമാണ് ജനശതാബ്ദി റദ്ദാക്കിയതെന്നാണ് റെയിൽവേ പറയുന്നത്. നാല് ട്രെയിനുകളാണ് നേരത്തെ റദ്ദാക്കിയത്.
കോഴിക്കോട്- തിരുവനന്തപുരം കോഴിക്കാട് ജനശതാബ്ദി സ്പെഷൽ, എറണാകുളം -കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എന്നീ ട്രെയിനുകളാണ് കഴിഞ്ഞ ഒന്നു മുതൽ 15വരെ റദ്ദാക്കിയത്.
നേരത്തെ റദ്ദാക്കിയ ഷൊർണൂർ- തിരുവനന്തപുരം- ഷൊർണൂർ വേണാട് സ്പെഷൽ, എറണാകുളം-തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് സ്പെഷൽ, ആലപ്പുഴ-കണ്ണൂർ- ആലപ്പുഴ എക്സിക്യുട്ടീവ് സ്പെഷൽ, പുനലൂർ-ഗുരുവായൂർ-പുനലൂർ സ്പെഷൽ, ഗുരുവായൂർ-തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എന്നിവയുടെ സർവീസും ഒന്നുമുതൽ 15-വരെ റദ്ദാക്കിയിട്ടുണ്ട്.
യാത്രക്കാരുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ താൽക്കാലികമായി റദ്ദാക്കിയ ട്രെയിനുകൾ സർവീസ് നടത്തൂവെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. 15ന് ശേഷമുള്ള തീയതികളിലേക്ക് ടിക്കറ്റ് റിസർവ് ചെയ്യാമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
ഇളവുകൾ പ്രഖ്യാപിച്ചതോടെ സർക്കാർ ഓഫീസുകൾ അടക്കം നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചുതുടങ്ങിയ സാഹചര്യത്തിൽ ട്രെയിനുകളും കെഎസ്ആർടിസി ബസുകളും കുറച്ചത് യാത്രക്കാരെ നല്ലതുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ട്രെയിൻ യാത്രക്കാരും ഇപ്പോൾ പതിവിലും കൂടുതൽ വർധിച്ചിട്ടും യാത്രക്കാർ കുറവെന്ന കാരണത്താൽ സർവീസ് റദ്ദാക്കിയത് അനുചിതമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
ഇളവുകൾ പ്രഖ്യാപിച്ചിട്ടും കെഎസ്ആർടിസിയും കൂടുതൽ ബസുകൾ ആരംഭിച്ചിട്ടില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്കുള്ള രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് ഇപ്പോഴും സർവീസ് നടത്തുന്നത്.
കൊല്ലത്തുനിന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ഇവയിൽ ഒരു ബസ് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രയോജനകരമാവുന്നതുമില്ല.