കോട്ടയം: കോവിഡ് മാന്ദ്യത്തെത്തുടർന്ന് യാത്രക്കാരുടെ കുറവു വന്നതിനാൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വേണാട്, ജനശതാബ്ദി ട്രെയിനുകളും നിർത്തലാക്കാൻ റെയിൽവേ നിർദേശം.
ഈ മാസാവസാനം സർവീസ് നിർത്തുന്നതോടെ കോട്ടയം റൂട്ടിൽ ഒരു യാത്രാ ട്രെയിൻപോലും ഇല്ലാതാകും. നിലവിൽ തിരുവനന്തപുരം- എറണാകുളം (വേണാട്), കണ്ണൂർ-തിരുവനന്തപുരം ജൻശതാബ്ദി ട്രെയിനുകളാണ് കോട്ടയം വഴിയുള്ളത്.
ഇതിനു പുറമേ ആലപ്പുഴ വഴിയുള്ള കോഴിക്കോട്- തിരുവനന്തപുരം സർവീസും നിറുത്തലാക്കാനാണ് റെയിൽവേ തീരുമാനം. മൂന്നു ട്രെയിനുകളിലും സീറ്റുകളുടെ എണ്ണത്തിൽ 23 ശതമാനത്തിൽ താഴെയാണ് നിലവിൽ യാത്രക്കാരുള്ളത്.
നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന എറണാകുളം-നിസാമുദീൻ കുർള എക്സ്പ്രസും എറണാകുളം- ലോക്മാന്യതിലക് തുരാന്തോ വീക്കിലി എക്സ്പ്രസും തുടരും. ഗുഡ്സ് ട്രെയിനുകൾ ലാഭത്തിലായതിനാൽ തുടർന്നും സർവീസ് നടത്തും.