ചങ്ങനാശേരി: തിരുവല്ല-കോട്ടയം റൂട്ടിൽ ഇന്നും നാളെയും ട്രെയിനുകൾക്ക് നിയന്ത്രണം. ചങ്ങനാശേരി-ചിങ്ങവനം റെയിൽപാത കമ്മീഷനുമായി ബന്ധപ്പെട്ട് സിഗ്നൽ ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ചിന് കോട്ടത്തുനിന്നും എത്തുന്ന ശബരി എക്സ്പ്രസ് ചിങ്ങവനം ചങ്ങനാശേരി പാതയിൽ കന്നിയോട്ടം നടത്തും.
തുടർന്നുള്ള ട്രെയിനുകളെല്ലാം ഈ റൂട്ടിൽ ഇന്ന് സഞ്ചരിക്കും. നാളെ രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ തിരുവല്ല- കോട്ടയം റൂട്ടിൽ ട്രെയിനുകൾ ഓടില്ല. സിഗ്നലിംഗ് ജോലികൾ പൂർത്തിയാക്കി മൂന്നിന് ശേഷം ഓടിത്തുടങ്ങും.
ഒരുവർഷം മുൻപ് തിരുവല്ല-ചങ്ങനാശേരി പുതിയ പാതയിലും കന്നി ഓട്ടം നടത്തുന്നതിനുള്ള ഭാഗ്യം സൃഷ്ടിച്ചത് ശബരി എക്സ്പ്രസിനു തന്നെയായിരുന്നു. രണ്ടാഴ്ച മുന്പ് ഈ പാതയിൽ സുരക്ഷാ കമ്മീഷണർ കെ.മനോഹരൻ പരിശോധന നടത്തി ട്രെയിനുകൾക്ക് 85കിലോമീറ്റർ വേഗത്തിലോടാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു.
ഈ പാത തുറക്കുന്നതോടെ ചെങ്ങന്നൂർ-തിരുവല്ല-ചങ്ങനാശേരി-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതി പൂർത്തിയാകും. 26.05 കിലോമീറ്റർ ദൂരംവരുന്ന ഈപാതയിൽ 300 കോടി രൂപമുടക്കിയാണ് വികസനം പൂർത്തിയാക്കിയത്. ചങ്ങനാശേരി-ചിങ്ങവനം പാത കമ്മീഷൻ ചെയ്യുന്നതോടെ തിരുവനന്തപുരം മുതൽ ചിങ്ങവനംവരെയുള്ള പാത ഇരട്ടപ്പാതയായി മാറും.