എസ്.ആർ. സുധീർ കുമാർ
കൊല്ലം: സാധാരണ യാത്രക്കാരോട് റെയിൽവേ അധികൃതർ കാണിക്കുന്ന ദ്രോഹ നടപടികൾ തുടരുന്നു. അൺറിസർവ്ഡ് -ഡീ റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ച് തുടക്കം കുറിച്ച ഇരുട്ടടി ഇപ്പോൾ എത്തി നിൽക്കുന്നത് സ്ലീപ്പർ കോച്ചുകളുടെയും എണ്ണം വെട്ടിച്ചുരുക്കിയാണ്.
മംഗലാപുരം-തിരുവനന്തപുരം മാവേലി, മലബാർ എക്സ്പ്രസുകൾ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയിൽ എന്നിവയിൽ ഓരോ സ്ലീപ്പർ കോച്ചുകൾ വീതം കുറയ്ക്കാനാണ് തീരുമാനം. പകരം ഓരോ തേർഡ് ഏസി കോച്ചുകൾ ഏർപ്പെടുത്തും.
അങ്ങനെ വരുമ്പോൾ സാധാരണക്കാരായ സ്ലീപ്പർ കോച്ച് യാത്രക്കാർക്ക് പ്രതിദിനം യാത്ര ചെയ്യാനുള്ള 288 സീറ്റുകളാണ് നഷ്ടമാകുന്നത്. ഇത് ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ്.
ഈ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്, മർച്ചന്റ്്സ് ചേംബർ ഒഫ് കൊമേഴ്സ് എന്നീ സംഘടനകളും ജോൺ ബ്രിട്ടാസ് എംപിയും കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസ്തുത വണ്ടികളിൽ സാധാരണ റിസർവേഷൻ ടിക്കറ്റുകൾ തന്നെ കിട്ടാൻ യാത്രക്കാർ ബുദ്ധിമുട്ടുമ്പോൾ ഉയർന്ന ക്ലാസ് കോച്ചുകൾ ഏർപ്പെടുത്തുന്നത് യാത്രക്കാരെ കൂടുതൽ കൊള്ളയടിക്കാനാണെന്ന ആക്ഷേപമുണ്ട്.
തത്ക്കാൽ ടിക്കറ്റുകളുടെ എണ്ണം വർധിപ്പിച്ച് അതുവഴി കൂടുതൽ വരുമാനം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് റെയിൽവേ അധികൃതർക്ക് ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതേ സമയം ചില റൂട്ടുകളിൽ അൺ റിസർവ്ഡ് കോച്ചുകൾ കുറച്ചതിനെതിരേ യാത്രക്കാർ നടത്തിയ പ്രതിഷേധത്തിന് ഫലം കണ്ടു.
അഞ്ച് പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചു. ഇതിൽ മൂന്നെണ്ണവും ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
കന്യാകുമാരി-പുനലൂർ, നാഗർകോവിൽ – കന്യാകുമാരി, തിരുനെൽവേലി -നാഗർകോവിൽ എന്നീ പാസഞ്ചർ ട്രെയിനുകളിൽ ഇന്ന് മുതൽ സ്ഥിരമായി ഒരു രണ്ടാം ക്ലാസ് ജനറൽ കോച്ച് സ്ഥിരമായി ഏർപ്പെടുത്തും. പുനലൂർ – നാഗർകോവിൽ, നാഗർകോവിൽ – തിരുനെൽവേലി പാസഞ്ചറുകളിൽ നാളെ മുതലും ഓരോ ജനറൽ കോച്ചുകൾ അധികമായി ഉണ്ടാകും.
ഇത് കൂടാതെ മധുര-പുനലൂർ പാസഞ്ചറിൽ അടുത്ത മാസം എട്ടു മുതൽ തിരുവനന്തപുരത്തിനും പുനലൂരിനും മധ്യേ രണ്ട് ഡീ- റീസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്താനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
മാത്രമല്ല മധുര -പുനലൂർ പാസഞ്ചറിന് സാത്തൂർ, കോവിൽപ്പട്ടി സ്റ്റേഷനുകളിലും തിരുനെൽവേലി -പാലക്കാട് പാലക്കാട് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ സ്റ്റേഷനിലും ഈ മാസം 20 – മുതൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുമുണ്ട്.
കോട്ടയം വഴി ഓടിക്കൊണ്ടിരുന്ന കൊല്ലം -എറണാകുളം മെമു ഈ മാസം ഒമ്പത് മുതൽ പുതിയ സമയ ക്രമത്തിൽ കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. ഇത് ആലപ്പുഴ മേഖലയിലെ യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് മംഗലാപുരം – തിരുവനന്തപുരം റൂട്ടിലായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും രണ്ടാം വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുക.
ഇത് വിദ്യാർഥികളടക്കം കേരളത്തിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. ഈ മേഖലയിലെ യാത്രാ ദുരിതത്തിനും ഒരു പരിധി വരെ പരിഹാരമാകും.