കൊല്ലം: സാധാരണ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 നോൺ ഏസി ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകൾ പുറത്തിറക്കാൻ റെയിൽവേ നടപടികൾ തുടങ്ങി.ഇതിൽ ആറായിരത്തിൽ അധികവും ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകൾ ആയിരിക്കും. സ്ലീപ്പർ ക്ലാസ് ഗണത്തിൽ പെടുന്നവയാകും ബാക്കിയുള്ളവ. രാജ്യത്താകെ എല്ലാ സോണുകളിലെയും ട്രെയിനുകളിൽ ഈ കോച്ചുകൾ കൂട്ടിച്ചേർക്കും.
ഇത്രയും കോച്ചുകൾ അധികമായി വരുന്നതോടെ ജനറൽ ക്ലാസിൽ എട്ട് ലക്ഷം പേർക്ക് അധികമായി യാത്ര ചെയ്യാൻ സാധിക്കും.ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലുമാണ് കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്.പുതുതായി നിർമിക്കുന്ന കോച്ചുകൾ എല്ലാം എൽഎച്ച്ബിയാണ്. യാത്ര സുഖകരവും സൗകര്യപ്രദവുമാക്കുന്നതിന് ഒപ്പം സുരക്ഷിതവും വേഗമുള്ളതാക്കാനും ഇത് സഹായിക്കും.
പരമ്പരാഗത ഐസിഎഫ് കോച്ചുകളുമായി താരതമ്യപ്പെടുക്കുമ്പോൾ എൽഎച്ച്ബി കോച്ചുകൾ ഭാരം കുറഞ്ഞതും ശക്തവുമാണ്. മാത്രമല്ല അപകടം ഉണ്ടായാൽ ഈ കോച്ചുകൾക്ക് സംഭവിക്കുന്ന കേടുപാടുകളും കുറവായിരിക്കും.കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസത്തിൽ ആകെ 583 പുതിയ ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകൾ റെയിൽവേ നിർമിക്കുകയുണ്ടായി. 229 പ്രതിദിന ട്രെയിനുകളിൽ ഈ കോച്ചുകൾ ഉൾപ്പെടുത്തിക്കഴിഞ്ഞു.
നവംബർ അവസാനിക്കുന്നതിന് മുമ്പ് ആയിരത്തിലധികം ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകളും പുറത്തിറക്കും. 647 റഗുലർ ട്രെയിനുകളിൽ ഈ കോച്ചുകൾ കൂട്ടിച്ചേർക്കും. ഇവ കൂടി വരുന്നതോടെ ഒരു ലക്ഷത്തിലധികം അധിക യാത്രക്കാർക്ക് പ്രതിദിന റെയിൽ യാത്രയുടെ പ്രയോജനം ലഭിക്കും.
ജനറൽ ക്ലാസ് യാത്രക്കാർക്ക് ഇനി മുതൽ പ്രത്യേക പരിഗണന നൽകുമെന്ന് റെയിൽവേ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻഫർമേഷൻ ആൻ്റ് പബ്ലിസിറ്റി) ദിലീപ് കുമാർ വ്യക്തമാക്കി. പുതുതായി പുറത്തിറങ്ങുന്ന ജനറൽ കോച്ചുകളിലെല്ലാം കൂടുതൽ സൗകര്യങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- എസ്.ആർ. സുധീർ കുമാർ