ന്യൂഡൽഹി: അധിക ഭാരമുള്ള ലഗേജുകൾക്ക് പിഴയീടാക്കാൻ നടപടിയുമായി റെയിൽവേ. ആറിരട്ടി വരെ പിഴ ചുമത്താനാണ് റെയിൽവേയുടെ നീക്കം. ട്രെയിൻ കന്പാർട്ട്മെന്റുകളിൽനിന്നു തിരിയാനിടമില്ലാത്ത വിധം ലഗേജുകൾ നിറയുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി.
കുറഞ്ഞ ഭാരം, സുഖ യാത്ര (ലെസ് ലഗേജ്, മോർ കംഫർട്ട്) എന്നത് കർശനമായി തന്നെ നടപ്പാക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. അധിക ഭാരം തടയുന്നതിനുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും യാത്രക്കാർക്ക് ഇതേക്കുറിച്ച് വ്യക്തമായ വിവരമില്ല. ഈ സാഹചര്യത്തിലാണു വിമാന യാത്രയുടെ മാതൃകയിൽ കൈയിൽ കരുതാവുന്ന ലഗേജിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്.
ജൂണ്‍ ആദ്യവാരം എല്ലാ റെയിൽവേ സോണുകളിലും ഇതിനായി പ്രത്യേക ബോധവത്കരണം നടത്തുന്നുണ്ട്. ഇനി മുതൽ റെയിൽവേസ്റ്റേഷനുകളിൽ ഭാരം തോന്നുന്ന പെട്ടികൾ കർശന പരിശോധനയ്ക്കു വിധേയമാകുമെന്നാണു റിപ്പോർട്ടുകൾ.