കായംകുളം: മകളുടെ വിവാഹം കഴിഞ്ഞ് മടങ്ങാനായി റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനടിയിൽപെട്ട് മരിച്ചു. നവി മുംബൈ മഹാലക്ഷ്മി അപ്പാർട്ട്മെന്റിലെ അശോക് വൈ. അതാക് (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് കായംകുളം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഓച്ചിറ പ്രയാർ വടക്ക് ചെറുകാട്ട് പടീറ്റതിലുള്ള യുവാവുമായി മകളുടെ വിവാഹം ദേവികുളങ്ങര ക്ഷേത്രത്തിൽവച്ച് നടുത്തുന്നതിനായി ബന്ധുക്കളോടൊപ്പം എത്തിയതായിരുന്നു.
തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് ട്രെയിൻ പ്ലാറ്റ്ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ഓടി ക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെടുകയായിരുന്നു. കൈ രണ്ടും അറ്റുപോയ നിലയിൽ കാണപ്പെട്ട അശോകിനെ ഉടൻതന്നെ ട്രെയിൻ നിർത്തി ആർപിഎഫ് ഉദ്യോഗസ്ഥനായ മധുസൂദനനും പോർട്ടർമാരും ചേർന്ന് പുറത്തെടുത്ത് താലൂക്കാശുപത്രിയിൽ എത്തിച്ചു. അറ്റുപോയ കൈകൾ ഐസ് നിറച്ച പെട്ടികളിലാക്കി അശോകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശോകും കുടുംബവും മരുമകന്റെ കുടുംബവും മുംബൈയിൽ സ്ഥിരതാമസക്കാരാണ്. വിവാഹം നാട്ടിൽവച്ച് നടത്തുന്നതിനുവേണ്ടിയാണ് ഇവർ എത്തിയത്.