മഞ്ചേശ്വരം: മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ എന്ജിന് തട്ടി അമ്മയും പിഞ്ചുകുഞ്ഞും അമ്മയു ടെ സഹോദരിയും മരിച്ചു. മഞ്ചേശ്വരം പൊസോട്ടെ മൊയ്തീന്‍കുഞ്ഞിന്റെ ഭാര്യ ആമിന(40), ആമിനയുടെ സഹോദരിയും കുഞ്ചത്തൂരിലെ അബ്ദുള്ളയുടെ ഭാര്യയുമായ ആയിഷ(35), മകന് ഷാമില്‍(മൂന്ന്) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഷാമിലിന് അസുഖമായതിനെത്തുടര്‍ന്ന് മഞ്ചേശ്വരം ടൗണിലെ ആശുപത്രിയില്‍ കാണിച്ചശേഷം തിരിച്ചു വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. ചെന്നൈ-മംഗളുരു സൂപ്പര്‍ ഫാസ്റ്റ് കടന്നുപോയ ഉടന്‍ റെയില്‍പാളം മുറിച്ചുകടക്കാനൊരുങ്ങവേയായിരുന്നു അപകടം. ഈ ട്രെയിനിനു മഞ്ചേശ്വരത്ത് സ്റ്റോപ്പില്ല.
അതിവേഗം പോയ ഈ ട്രെയിനിന്റെ ശബ്ദം കാരണം തൊട്ടുപിന്നിൽ മംഗളുരുവില്‍നിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ഡീസല്‍ എന്‍ജിന്റെ ശബ്ദം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഈ എന്ജിന് ഇടിച്ചാണ് മൂവരും മരിച്ചത്. മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. ഡോക്ടര്‍ കുറിച്ച മരുന്നു ചീട്ടും ബാങ്ക് പാസ്ബുക്കും മൂലമാണ്് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ പൊസോട്ട് ജുമാമസ്ജിദ് അങ്കണത്തില്‍ മൃതദേഹങ്ങള്‍ കബറടക്കി.
മുഹമ്മദ് ആഷില്‍, മുഹമ്മദ് ആദില്‍, ഫാസില്‍ എന്നിവരാണ് അബ്ദുള്ള-ആയിഷ ദമ്പതികളുടെ മറ്റുമക്കള്‍. സക്കുവാന്‍, ഫയാസ്, അല്‍ഫാസ്, അഫ്റാസ്, മുനീര്‍ എന്നിവരാണ് മൊയ്തീന്‍കുഞ്ഞ്-ആമിന ദമ്പതികളുടെ മക്കള്‍. പൊസോട്ടെ അബൂബക്കര്‍ ഹാജി-ബീഫാത്തിമ ദമ്പതികളുടെ മക്കളാണ് ആമിനയും ആയിഷയും. സഹോദരങ്ങള്‍: മൈമൂന, അബ്ദുള്ള ഹാജി, മുഹമ്മദ്.