കോട്ടയം: ദുരൂഹസാഹചര്യത്തിൽ ഹോട്ടൽ ഉടമയുടെ മകന്റെ മൃതദേഹം കാരിത്താസ് റെയിൽവേ ട്രാക്കിനുസമീപം കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയതിനെത്തുടർന്നു ഉന്നതപോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നു. കോട്ടയത്തെ പ്രമുഖ ഹോട്ടലായ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്റെ ഉടമ തിരുവാതുക്കൾ ശ്രീവൽസത്തിൽ വിജയകുമാറിന്റെ മകൻ ഗൗതം കൃഷ്ണ കുമാറി(28)നെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനുസമീപം ഇദ്ദേഹത്തിന്റെ കാറും കണ്ടെത്തി. കാറിൽ രക്ത തുള്ളികൾ കണ്ടെത്തിത് ദുരൂഹത വർദ്ധിപ്പിക്കുന്നു. കഴുത്തിനു മുറിവേറ്റ പാടുണ്ട്. കൊലപാതകമാണെന്ന സംശയത്തിൽ പോലീസ് വിദഗ്ധ പരിശോധന നടത്തുന്നു. പോലീസ് ഇൻക്വസ്റ്റ് തയാറാക്കിവരുന്നു. കാറിൽ മൊബൈൽ ഫോണ് ഉൾപ്പെടെയുള്ളവ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി എട്ടിനു ഗൗതം വീട്ടിലേക്കു ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ചതായി സ്ഥലത്തെത്തിയ സുഹൃത്തുകൾ പോലീസിനു മൊഴി നല്കി. എന്നാൽ ഇന്നലെ രാത്രി ഏഴു മുതൽ ഗൗതമിനെ കാണാനില്ലെന്നു കാണിച്ചു പിതാവ് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നല്കി. പുലർച്ചെ നാലിനു മൊഴി രേഖപ്പെടുത്തി അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തുന്നത്.