കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കടിയില് ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റ യാത്രക്കാരന് മരിച്ചു. മലപ്പുറം മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന് അലിഖാന് (62) ആണ് മരിച്ചത്.
ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഈ മാസം പതിനെട്ടിന് രാത്രിയാണ് തെലുങ്കാനയിലെ വാറങ്കലില്‍ അപകടം നടന്നത്. ഏറ്റവും താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ ദേഹത്തേക്കു നടുവിലുള്ള ബര്‍ത്ത് പൊട്ടി വീഴുകയായിരുന്നു. അതില്‍ കിടന്നിരുന്നയാളും അലിഖാന്റെ മേലേയ്ക്ക് വീണു.
അപകടത്തില്‍ അലിഖാന്റെ കഴുത്തിലെ മൂന്നു എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം ഏല്ക്കുകയും ചെയ്തിരുന്നു. കൈകാലുകള്‍ തളര്‍ന്നു. റെയില്‍വേ അധികൃതര്‍ ഉടനെ വാറങ്കല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്ക് ഹൈദരാബാദിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷക്കീലയാണ് ഭാര്യ. മകള്‍: ഷസ. അലിഖാന്റെ മൃതദേഹം ഇന്നലെ രാത്രി മാറഞ്ചേരിയിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയിൽ കബറടക്കി. ചേകന്നൂർ മൗലവിയുടെ സഹോദരീ ഭർത്താവാണ് അലിഖാൻ.
പതിവായി ട്രെയിന്‍ യാത്ര നടത്തുന്ന ആളാണ് ഇദ്ദേഹം. ബെര്‍ത്ത് പൊട്ടിവീണുണ്ടായ അപകടം ട്രെയിന്‍ യാത്രക്കാരില്‍ ഞെട്ടലുണ്ടാക്കി. ലക്ഷക്കണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്നതാണ് റെയില്‍വേ.
അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് റെയില്‍വേയാണ്. അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതും യാത്ര പുറപ്പെടുന്നതിനു മുമ്പ് തകരാറുകള്‍ പരിശോധിക്കാത്തതുമാണ് അപകടത്തിനു കാരണമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിജയവാഡ ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ബെര്‍ത്ത് പൊട്ടിവീണത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.