തിരുവനന്തപുരം: പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി എറണാകുളം-കോട്ടയം-എറണാകുളം പാസഞ്ചർ ഞായറാഴ്ച റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി ശനിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി(16341) ഞായറാഴ്ച എറണാകുളത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
എറണാകുളം-ഷൊർണൂർ, കോയന്പത്തൂർ-തൃശൂർ പാസഞ്ചർ ട്രെയിനുകൾ ശനിയാഴ്ചയും ഷൊർണൂർ-എറണാകുളം, തൃശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ ഞായറാഴ്ചയും തൃശൂരിനും ഷൊർണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കി.
നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂർ വൈകി ഉച്ചകഴിഞ്ഞ് 3.55 നേ സർവീസ് ആരംഭിക്കൂ. ഇതിനു പുറമെ മുളങ്കുന്നത്തുകാവ്-പൂങ്കുന്നം-തൃശൂർ സെക്ഷനിൽ ഞായറാഴ്ച മാംഗളൂർ-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ് എന്നിവ അരമണിക്കൂർ പിടിച്ചിടും.
മുംബൈ-കന്യാകുമാരി 40 മിനിറ്റും ബാംഗളൂർ-കൊച്ചുവേളി 50 മിനിറ്റും ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം 30 മിനിറ്റും കാരയ്ക്കൽ-എറണാകുളം ഒരു മണിക്കൂർ 50 മിനിറ്റും പിടിച്ചിടും.
ചെന്നൈ സെൻട്രൽ-ആലപ്പുഴ അരമണിക്കൂർ, തിരുവനന്തപുരം-മംഗലാപുരം 20 മിനിറ്റ്, കൊച്ചുവേളി-മാംഗളൂർ 30 മിനിറ്റ്, തിരുവനന്തപുരം-ചെന്നൈ സെൻട്രൽ 30 മിനിറ്റ്, കൊച്ചുവേളി-നിലന്പൂർ 30 മിനിറ്റ്, തിരുവനന്തപുരം-മാംഗളൂർ 30 മിനിറ്റ്, തിരുവനന്തപുരം-മധുര 30 മിനിറ്റ്, പുനലൂർ-ഗുരുവായൂർ 20 മിനിറ്റ് എന്നിങ്ങനെയാണ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിയിടുന്ന ട്രെയിനുകളുടെ വിവരം.