കൊച്ചി: ട്രെയിൻ യാത്രയ്ക്കിടയിലുള്ള സുരക്ഷ സംബന്ധിച്ച് ആശങ്കവേണ്ടെന്നു റെയിൽവേ സംരക്ഷണ സേന(ആർപിഎഫ്). അനാവശ്യകാര്യങ്ങൾക്കുപോലും യാത്രികർ അപായ ചങ്ങല വലിക്കേണ്ടതില്ലെന്നും 182 എന്ന ഹെൽപ്പ് ലൈൻ നന്പറിൽ ബന്ധപ്പെട്ടാൽ ആർപിഎഫിന്റെ സഹായം ഉടൻ ലഭ്യമാകുമെന്നും അധികൃതർ പറയുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മോഷണം നടക്കുകയോ മറ്റ് നിസാര കാര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽപോലും അപാല ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനേത്തുടർന്നാണു ആർപിഎഫിന്റെ ഇടപെടൽ.
ട്രെയിൻ യാത്ര ചെയ്യുന്പോൾ നിശ്ചിത സമയത്തിനുള്ളിൽ ലഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവരാണു നാമെല്ലാം. ട്രാക്കിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലവും സിഗ്നൽ തകരാർ തുടങ്ങി പല കാരണങ്ങളാൽ ട്രെയിനുകൾ വൈകി ഓടുന്നതിനു പുറമേ ചല യാത്രികർ നിസാര സംഭവങ്ങൾക്കുവരെ അപായ ചങ്ങല വലിക്കുന്നതു ട്രെയിനുകൾ കൂടുതൽ വൈകാൻ കാരണമാകുന്നായി അധികൃതർ പറയുന്നു. അനാവശ്യമായി ഇത്തരത്തിൽ അപായ ചങ്ങല വലിക്കുന്നതു റെയിൽവേ നിയമം 141 പ്രകാരം കുറ്റകരമാണ്.
ഒരു വർഷംവരെ തടവോ അതല്ലെങ്കിൽ ആയിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം. ഇത്തരം നൂലാമാലകൾക്ക് ഇടവരുത്താതെ ഏതൊരു യാത്രിക്കാരനും സുരക്ഷിതമായി ട്രെയിനിൽ യാത്രചെയ്യാമെന്നു അധികൃതർ പറയുന്നു. ട്രെയിൻ യാത്രയ്ക്കിടെ ലഭിക്കേണ്ട സുരക്ഷാസംബന്ധമായ ഏതൊരു സഹായങ്ങൾക്കും യാത്രികർ 182 എന്ന ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടാൽമാത്രം മതിയാകും.
നിമിഷങ്ങൾക്കുള്ളിൽ സഹായം ഉറപ്പ്. വിളിക്കുന്പോൾ യാത്രികൾ ഏത് ട്രെയിനിൽ, ഏത് കോച്ച്, ഏത് സ്റ്റേഷൻ എന്നിങ്ങനെ വിവരം കൈമാറണമെന്നുമാത്രം. ആർപിഎഫ് ഇല്ലാത്ത സ്റ്റേഷനിൽപോലും അതാതു സ്ഥലങ്ങളിലെ സ്റ്റേഷൻ മാസ്റ്റർ വഴി സഹായം എത്തിക്കാനുള്ള നടപടികളും ഉറപ്പെന്ന് അധികൃതർ വ്യക്തമാക്കുന്നു. സ്ത്രീ യാത്രികർക്കും കുട്ടികൾക്കും ഉൾപ്പെടെ ഏതൊരു രീതിയിലുമുള്ള സുരക്ഷാ സംബന്ധമായ സഹായങ്ങൾക്കും ഈ നന്പറിൽ വിളിക്കാം.
അതേസമയം, ഒരു ചെറിയ അശ്രദ്ധകൊണ്ട് അപകടം ക്ഷണിച്ചുവരുത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്നോ ഇരുന്നോ മൊബൈൽ ഫോണ് ഉപയോഗിച്ചുകൊണ്ട് അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന സംഭവങ്ങൾ ഏറിവരികയാണ്. യുവതീയുവാക്കളാണ് ഇത്തരം പ്രവർത്തികളിൽ കൂടുതലായും ഏർപ്പെടുന്നത്.
വൻ അപകടങ്ങൾക്ക് ഇടവരുത്താവുന്ന ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നാണു ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സുരക്ഷ സംബന്ധിച്ച് ട്രെയിൻ യാത്രയ്ക്കിടയിൽ യാത്രക്കാർ ശ്രദ്ധിക്കേണ്ടതായ അത്യാവശ്യ കാര്യങ്ങൾ ഏന്തൊക്കെയെന്ന് അധികൃതർ വിശദീകരിക്കുന്നു.
- യാത്രയ്ക്കിടെ അപരിചിതരായ സഹയാത്രികരിൽനിന്നും ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ വാങ്ങി കുടിക്കാതിരിക്കുക.
- കൈയിലുള്ള വിലപിടിപ്പുള്ള സാധനങ്ങളുളോ ആഭരണങ്ങളോ ഒരു കാരണവശാലം പ്രദർശിപ്പിക്കരുത്.
- ആഭരണങ്ങൾ അണിഞ്ഞ് ഒരു കാരണവശാലും വാതിലിന്റെ ഭാഗത്തേയ്ക്കു തലവച്ച് കിടക്കാതിരിക്കുക.
- രാത്രികാലങ്ങളിൽ മൊബൈൽ ഫോണുകളോ ടാബോ ലാപ്ടോപ്പോ ചാർജിംഗ് പോയിന്റിൽവച്ച് ഉറങ്ങാതിരിക്കുക.
- വിലപിടിപ്പുള്ള ലഗേജുകൾ സീറ്റിനടിയിലുള്ള റിംഗിൽ ചങ്ങലയിട്ട് പൂട്ടി സൂക്ഷിക്കുക.
- അപരിചിതർ രാത്രി കാലങ്ങളിൽ യാത്രികരുടെ സീറ്റിലോ അടുത്തോ വന്നിരുന്നാൽ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെയോ ടിടിഇയെയോ അറിയിക്കണം.
- വാതിൽപ്പടിയിൽ നിന്നും ഇരുന്നും മൊബൈൽ ഫോണ് ഉപയോഗിച്ച് യാത്ര ചെയ്യരുത്.
- എമർജനൻസി വിൻഡോയ്ക്കു സമീപം കുട്ടികളെ ഇരുത്താതിരിക്കുക. സ്ത്രീ യാത്രികർ ആഭരണങ്ങൾ അണിഞ്ഞ് കടക്കുന്പോൾ നിർബന്ധമായും എമർജൻസി വിൻഡോ ഷട്ടർ താഴ്ത്തിയിടണം.
- ട്രെയിൻ നിർത്തുന്നതിനുമുന്പോ ഓടിക്കൊണ്ടിരിക്കുന്പോഴോ ഒരു കാരണവശാലും ചാടിയിറങ്ങുകയോ ഓടികയറുകയോ ചെയ്യരുത്.
- ട്രെയിൻ യാത്രയ്ക്കിടയിലോ അല്ലെങ്കിൽ റെയിൽവേ പരിസരത്തോ ഏതു തരത്തിലുള്ള സുരക്ഷാ സഹായങ്ങൾക്കും 182 എന്ന ഹെൽപ്പ് ലൈൻ നന്പറിൽ വിളിക്കുക.