ന്യൂഡൽഹി: ഇ-ടിക്കറ്റ് എടുത്ത് വെയിറ്റിംഗ് ലിസ്റ്റായ യാത്രക്കാർക്കും ട്രെയിനിൽ യാത്ര ചെയ്യാമെന്ന് സുപ്രീംകോടതി. ട്രെയിനിൽ കയറുകയും ഒഴിവുള്ള ബെർത്തുകൾ ഉപയോഗിക്കുകയും ചെയ്യാം. മുൻപ് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ടിക്കറ്റെടുക്കുന്നവർക്കു മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്.
എന്നാൽ, ഇതു വിവേചനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലെ വിവേചനം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയും 2004ൽ ഉത്തരവ് ഇറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ റെയിൽവേ സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഇ-ടിക്കറ്റ് യാത്രക്കാർക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.
പുതിയ നിർദേശം അനുസരിച്ച് യാത്രക്കാരുടെ അവസാന ചാർട്ട് പുറത്തിറങ്ങുന്പോൾ ഇ-ടിക്കറ്റിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരുടെ ടിക്കറ്റുകൾ റദ്ദാക്കാനാകില്ല. കഴിഞ്ഞ ദിവസം സുപ്രീംകോടതി അപ്പീൽ പരിഗണനയ്ക്കെടുത്തപ്പോൾ റെയിൽവേക്കു വേണ്ടി അഭിഭാഷകർ ആരും തന്നെ ഹാജരായിരുന്നില്ല.
രണ്ടു തവണ കേസ് മാറ്റിവച്ചപ്പോഴും ഇതു തുടർന്നു. പിന്നീടാണ് റെയിൽവേയുടെ ഹർജി തള്ളി സുപ്രീംകോടതി ഉത്തരവ് ഇറക്കിയത്.