ട്രെയിന്‍ യാത്രയ്ക്കിടെ പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറയാത്ത യാത്രക്കാരനായ തൊഴിലാളിയെ സഹയാത്രികര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഹൗറ-മാള്‍ഡ പാസഞ്ചര്‍ ട്രെയിനിലാണ് യുവാവിനെ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുജറാത്ത് സ്വദേശിയായ ജമാല്‍ മോമിന് എന്നയാളാണ് അക്രമത്തിനിരയായത്.
യാത്രക്കിടയില്‍ ജമാലിന്റെ അടുത്ത് വന്നിരുന്ന നാലുപേര്‍ ജമാലിനോട് പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയഗാനത്തെക്കുറിച്ചും ബംഗാള്‍ മുഖ്യമന്ത്രിയെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനാവാതെ വന്നതോടെ നാലുപേരും ചേര്‍ന്ന് ജമാലിനെ അപമാനിക്കുകയും പരിഹസിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തനിക്ക് കുറഞ്ഞ വിദ്യാഭ്യാസമേ ഉള്ളുവെന്നും വെറുതെവിടണമെന്നും അപേക്ഷിച്ചെങ്കിലും അക്രമികള്‍ വെറുതെവിട്ടില്ല.
‘ഇന്ത്യയുടെ പ്രധാനമന്ത്രി ആര്?’, ‘മുഖ്യമന്ത്രിയുടെ പേരെന്ത്?’, ‘ദേശീയ ഗാനം ഏത്?’, ‘ആരാണ് നവാസ് ഷെരീഫ് ?’ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. ആദ്യം സീറ്റ് മാറിയിരിക്കാന്‍ പറഞ്ഞെന്നും പിന്നീട് ചോദ്യങ്ങള്‍ ചോദിക്കുകയും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ പരിഹസിച്ചുകൊണ്ട് മര്‍ദിക്കുകയും പിന്നീട് കുടുംബത്തെയും മതത്തെയും അധിക്ഷേപിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തെന്നും പരാതിയില്‍ ഇയാള്‍ വ്യക്തമാക്കുന്നു.
അക്രമികളില്‍ ആരോ പകര്‍ത്തിയ വീഡിയോ തന്നെയാണ് പിന്നീട് പ്രചരിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചില സന്നദ്ധസംഘടനകളാണ് ജമാലിനെക്കൊണ്ട് പോലീസില്‍ പരാതി കൊടുപ്പിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.