കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎക്ക് കൈമാറിയതോടെ അന്വേഷണത്തിനു വേഗതയേറും. പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.
ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി മുഖേനയാണ് പ്രതി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. രാജ്യദ്രോഹക്കുറ്റമായതിനാല്‍ ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്.
തീവയ്പിനു പിന്നിലെ ലക്ഷ്യം കണ്ടെത്തുകയാണ് എന്‍ഐഎയുടെ പ്രധാന ദൗത്യം. കേസന്വേഷണം നടത്തിയിരുന്ന കേരള പോലീസിലെ ക്രൈംബ്രാഞ്ച് സംഘത്തിനു ഷാറൂഖിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അന്വേഷണത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേരള പോലീസ് ഈ കേസിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിട്ടുള്ളത്. പ്രതിക്കെതിരേ യുഎപിഎ ചുമത്തിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തിപ്പെട്ടത്.
ഡല്‍ഹിയില്‍നിന്ന് എത്തി കോഴിക്കോട് എലത്തൂരില്‍ ആക്രമണം നടത്താന്‍ പ്രതി തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പലതവണ ക്രൈംബ്രാഞ്ച് സംഘം ചോദിച്ചിട്ടും ഇതിനു വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.
തീവയ്പിനു പ്രാദേശിക സഹായം കിട്ടിയിരുന്നുവോ എന്ന കാര്യത്തിലും വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഷൊര്‍ണൂരില്‍ രാവിലെ എത്തിയ പ്രതി വൈകുന്നേരം വരെ അവിടെ തങ്ങി ആരെയെല്ലാം കണ്ടുവെന്നതിലും പോലീസിന് ഉത്തരം കിട്ടിയിട്ടില്ല.
കേസിനു പിന്നിലെ ഗൂഡാലോചനയും ആസൂത്രണവും തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം ഉത്തരം കണ്ടെത്തുകയാണ് എന്‍ഐഎയുടെ പ്രധാന ദൗത്യം.
അക്രമം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നു മാത്രമാണ് പ്രതി ഇതുവരെ നല്‍കിയിട്ടുള്ള മൊഴി. ഇതിലപ്പുറം അന്വേഷണം മുന്നോട്ടു പോയിരുന്നില്ല.
ഷാറൂഖ് സെയ്ഫിയാണ് കുറ്റം ചെയ്തതെന്നതിന്റെ എല്ലാ തെളിവുകളും ലഭിച്ചതായി എഡിജിപി എം.ആര്. അജിത്കുമാര്‍ വ്യക്തമാക്കിയിരുന്നു. പ്രതി തീവ്ര ആശയങ്ങളില്‍ ആകൃഷ്ടനാണെന്നും തീവ്രവാദ സ്വഭാവമുള്ള വീഡിയോകള്‍ കാണാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കേന്ദ്രീകരിച്ചായിരിക്കും എന്‍ഐഎയുടെ അന്വേഷണം.
സംഭവം നടന്നപ്പോള്‍തന്നെ എന്‍ഐഎ അന്വേഷണം തുടങ്ങുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ട്രെയിനില്‍ തീയിട്ട് മനുഷ്യക്കുരുതി നടത്തുകയാണ് പ്രതിയുടെ ലക്ഷ്യമെന്നാണ് എന്‍ഐഎയുടെ പ്രാഥമിക വിലയിരുത്തല്‍.
അതിലേക്കെത്തുന്ന വിവരങ്ങളും തെളിവുകളുമാണ് എന്‍ഐഎ ശേഖരിക്കുക. െഷാര്ണൂരില് ഇയാള്‍ക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്നതു സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കും. ദേശദ്രോഹ കുറ്റമായതിനാല്‍ ആഴത്തിലുള്ള അന്വേഷണമായിരിക്കും ഇക്കാര്യത്തില്‍ ഉണ്ടാവുക.
യുഎപിഎ ചുമത്തിയതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കേരള പോലീസ് ചുമത്തിയ കുറ്റങ്ങളില്‍ മാറ്റമൊന്നും എന്‍ഐഎ വരുത്തിയിട്ടില്ല.
കൊലക്കുറ്റം, തീപിടിക്കുന്ന വസ്തുക്കളോ ലായിനിയോ ഉപയോഗിച്ചുള്ള അക്രമം, തീപിടിക്കുന്ന വസ്തുക്കള്‍ പ്രയോഗിച്ചുള്ള അക്രമം, തീയും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് പൊതുമുതല്‍ നശിപ്പിക്കല്‍, റെയില്‍വേയുടെ സ്വത്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമുള്ള വകുപ്പുകളും കേരള പോലീസ് ചുമത്തിയിട്ടുണ്ട്.
പ്രതിയെ എൻഐഎ സംഘം കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻഐഎ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും.
ഷാരൂഖിനെതിരെ യുഎപിഎ ചുമത്തിയതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൊച്ചി എൻഐഎ യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.