കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിക്ക് തീവച്ച സംഭവത്തിൽ കസ്റ്റഡിയിലായ പ്രതിയുടെ അറസ്റ്റ് വൈകുന്നു.
പശ്ചിമ ബംഗാൾ കോൽക്കത്ത സ്വദേശിയെയാണ് ഇന്നലെ രാവിലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കേരള പോലീസ്, റെയിൽവേ പോലീസ്, ആർപിഎഫ്, എൻഐഎ തുടങ്ങിയവർ വിശദമായി പ്രതിയെ ചോദ്യം ചെയ്തു.
പ്രതിയുടെ മൊഴികളിലുള്ള വൈരുധ്യമാണ് അറസ്റ്റിന് തടസമായി നിൽക്കുന്നത്. പ്രതിയുടെ മാനസികാരോഗ്യം സംബന്ധിച്ചും സംശയമുണ്ട്.
ട്രെയിൻ നിർത്തിയിട്ട സമീപത്ത് കഴിഞ്ഞ ഫെബ്രുവരി 13ന് തീയിട്ട സംഭവവുമായി ഇയാൾക്ക് ബന്ധമുള്ളതായാണ് പോലീസ് പറയുന്നത്. അന്വേഷണസംഘത്തിലുള്ള ഒരു സംഘം പ്രതിയെന്നു സംശയിക്കുന്നയാളുടെ കോൽക്കത്ത ഡയമണ്ട് ഹാർബറിലെ വീട്ടിലേക്ക് അന്വേഷണത്തിനായി തിരിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷന്റെ എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിന്റെ ഷട്ടറും വാതിലും അടച്ചതിനു ശേഷമാണ് ജീവനക്കാർ പുറത്തുകടന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. അടച്ചിട്ട ട്രെയിനിനുള്ളിൽ ഇയാൾ എങ്ങനെ കയറിപ്പറ്റിയെന്നും അന്വേഷിക്കുന്നുണ്ട്.
ബിപിസിഎൽ ഗോഡൗണിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങളും സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുമാണ് പ്രതിയെക്കുറിച്ചുള്ള നിർണായക തെളിവ്. എല്ലാവിധ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.