എസ്.ആർ. സുധീർകുമാർ
കൊല്ലം: ഓടുന്ന ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന യാത്രക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷൻ (ഐആർസിടിസി).
അനധികൃത വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവ വഴി ഇഷ്ടഭക്ഷണം ഓർഡർ ചെയ്യരുതെന്നാണ് നിർദേശം. ഇത്തരത്തിൽ കരിമ്പട്ടികയിൽ ഉൾപെടുത്തിയ ഒമ്പത് വെബ്സൈറ്റുകളുടെ വിശദമായ വിവരവും ഐആർസിടിസി പുറത്ത് വിട്ടിട്ടുണ്ട്.
റെയിൽ റെസ്ട്രോ, റെയിൽ മിത്ര, ട്രാവൽ ഖാന, റെയിൽ മീൽ, ഡിബ് റെയിൽ, ഖാന ഓൺലൈൻ, റെയിൽസ് കഫേ, ട്രെയിൻ മീൽസ്, ഫുഡ് ഓൺ ട്രാക്ക് എന്നീ വെബ് സൈറ്റുകളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അനധികൃത ഭക്ഷണ വിതരണക്കാരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. യാതൊരു കാരണവശാലും ഈ വെബ്സൈറ്റുകളെ ഭക്ഷണം ലഭിക്കുന്നതിനായി ആശ്രയിക്കരുതെന്നാണ് നിർദേശം.
വണ്ടികളിൽ മോശം നിലവാരത്തിലുള്ള ഭക്ഷണം അമിത നിരക്കിൽ വിതരണം ചെയ്യുന്നു എന്ന വ്യാപക ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയിൽവേയുമായി ബന്ധപ്പെടുത്തിയാണ് ഇത്തരത്തിലുള്ള വെബ്സൈറ്റുകൾക്ക് പേര് നൽകിയിട്ടുള്ളത്.
യാത്രക്കാർ കബളിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഔദ്യോഗിക വെബ്സൈറ്റ് എന്ന് കരുതിയാണ് മിക്കവരും ഇതിലൂടെ ഭക്ഷണം ഓർഡർ ചെയ്ത് വഞ്ചിതരാകുന്നത്.
യാത്രികർക്ക് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കിയുള്ള ഇഷ്ട ഭക്ഷണം ഇഷ്ടമുള്ള റെസ്റ്ററന്റുകളിൽ നിന്ന് വാങ്ങാൻ ഐആർസിടിസിയുടെ ഇ- കാറ്ററിംഗ് സംവിധാനം വഴി കഴിയും.
മാത്രമല്ല പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ എല്ലാം ഐആർസിടിസിയുടെ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട വെജിറ്റേറിയൻ – നോൺ വെജിറ്റേറിയൻ ഭക്ഷണം ഇവിടെയും ലഭ്യമാണ്. ഈ ഭക്ഷണവും ഓൺലൈൻ വഴി ഓർഡർ ചെയ്താൽ യാത്രക്കാർക്ക് ട്രെയിനുകളിൽ ലഭിക്കും.