കോഴിക്കോട്: ഉത്തരേന്ത്യയിലേക്കുള്ള ട്രെയിനുകളിലെ സീറ്റുകൾ കൈയടക്കി ഇതരസംസ്ഥാനത്തൊഴിലാളികൾ. റിസർവ് ചെയ്ത സീറ്റ് ലഭിക്കണമെങ്കിൽ പോലും പെടാപ്പാടുപെടണം.
ആർപിഎഫും ടിടിആറും ഇവരുടെ സംഘടിത ശക്തിക്കു മുന്നിൽ പലപ്പോഴും നിശബ്ദരാവുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽനിന്ന് ചേർത്തലയിലേക്കുള്ള ധൻബാദ്-ആലപ്പി എക്സ്പ്രസിലെ യാത്രക്കാരി ഫേസ്ബുക്ക് ലൈവിലെത്തി റിസർവ് ചെയ്ത സീറ്റു കിട്ടാനുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാനക്കാർ സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെക്കുറിച്ചും വിവരിച്ചിരുന്നു.
ഇവരുടെ ശല്യം മൂലം സ്ത്രീകൾക്ക് ശുചിമുറികളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. മിക്ക ട്രെയിനുകളിലും ഇതാണവസ്ഥ. രണ്ടു കന്പാർട്ടുമെന്റുകൾ മുഴുവൻ കൈയടക്കിയിട്ടും റെയിൽവേ നടപടിയെടുക്കാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദീപാവലിക്കു രാവിലെ എട്ടുമണിയോടെ എറണാകുളം സൗത്തിൽ എത്തിച്ചേർന്ന മരുസാഗർ എക്സ്പ്രസിലാണ് രണ്ടു ജനറൽ കോച്ചുകൾ അജ്മീർ മുതൽ എറണാകുളം വരെ ഇതരസംസ്ഥാനക്കാർ കൈയടക്കിയത്.
കളിച്ചെണ്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരത്തടികൾ ആണ് ഇവർ രണ്ടു ബോഗികളിലായി കുത്തിനിറച്ചത്. ലഗേജ് കന്പാർട്ടുമെന്റുകളിലും സീറ്റുകൾക്കടിയിലും കാൽ നീട്ടിവയ്ക്കാൻ പോലും സൗകര്യമില്ലാതെ ഇവർ കുത്തി നിറച്ചിരുന്നു.
ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരിൽ ചിലർ ആർപിഎഫ് ഓഫീസിലെത്തി പരാതിപ്പെട്ടെങ്കിലും അപ്പോൾ അവിടെയുണ്ടായിരുന്ന വനിതാ ആർപിഎഫ് ഉദ്യോഗസ്ഥ പറഞ്ഞത് അവർ സംഘടിത ഗ്രൂപ്പാണെന്നും അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യേണ്ടി വരുമെന്നുമാണ്.
റിസർവ് ചെയ്യുന്നവർക്ക് സുഗമായി യാത്രചെയ്യാനുള്ള സംവിധാനമെങ്കിലും ഒരുക്കണമെന്നാണ് ആവശ്യം. ആർപിഎഫ്, ടിടിആർ ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിച്ചാൽ ട്രെയിനുകളിൽ ഇതരസംസ്ഥാനക്കാരുടെ വിളയാട്ടം അവസാനിപ്പി ക്കാൻ കഴിയും.