ട്രെയിനിന്റെ നിര്‍ത്താതെയുള്ള ഹോണടി; ഓടിയെത്തിയ സോമന്‍ കണ്ടത് കത്തുന്ന വീട്; രക്ഷപ്പെടുത്തിയത് അന്ധയായ വൃദ്ധയെ

FIRE

ഗുരുവായൂര്‍: വീടിനു തീപിടിച്ചു മരണവുമായി മല്ലിട്ട അന്ധയായ വൃദ്ധയെ രക്ഷപ്പെടുത്തിയത് ട്രെയിന്‍ ഡ്രൈവറുടെയും അയല്‍വാസിയുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍. നെന്‍മിനി പുന്നശേരികാവില്‍ ലീലാവതിയാണ്(73) രക്ഷപ്പെട്ടത്. റെയില്‍പാളത്തിനടുത്തുള്ള ഇവരുടെ വീട് മെഴുകുതിരിയില്‍നിന്ന് തീപടര്‍ന്ന് കത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. വീടിനകത്ത് ഒറ്റയ്ക്കു കിടന്നുറങ്ങിയിരുന്ന ലീലാവതി ചൂട് അറിഞ്ഞപ്പോഴാണ് തീപടര്‍ന്നത് അറിഞ്ഞത്. ഉറക്കെ നിലവിളിച്ചെങ്കിലും അയല്‍വാസികള്‍ അറിഞ്ഞില്ല.

ആ സമയത്ത് ഗുരുവായൂരിലേക്കു വന്ന ട്രെയിന്‍ വീട് കത്തുന്നതു കണ്ട് നിര്‍ത്താതെ ഹോണ്‍ മുഴക്കി അപകടം അറിയിക്കുകയായിരുന്നു. പതിവില്ലാത്ത ഹോണടി കേട്ടുണര്‍ന്ന അയല്‍വാസി പാലക്കാട് സ്വദേശി സോമനാണ് കത്തുന്ന വീടിനകത്തു കയറി ലീലാവതിയെ രക്ഷിച്ചത്. ലീലാവതിയെ പിന്നീട് ചെറിയ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലീലാവതിക്കൊപ്പം മകള്‍ രാധികയും മൂന്നുമക്കളാണ് താമസിക്കുന്നത്്. രാധികയും ഇളയ രണ്ടുമക്കളും ബന്ധുവിന്റെ വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. മൂത്തമകന്‍ വിഷ്ണു തീ പടരുന്ന സമയം വീട്ടിലുണ്ടായിരുന്നില്ല. സിപിഎം– ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട് പുനര്‍ നിര്‍മിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ്.

Related posts