ന്യൂഡൽഹി: സമയനിഷ്ഠയുടെ കാര്യത്തിൽ ഇന്ത്യ റെയിൽവെ പാളംതെറ്റിയ തീവണ്ടിയാണ്. എന്നാൽ ഒരു വിദ്യാർഥിനിയെ പരീക്ഷാഹാളിലെത്തിക്കാൻ കൃത്യസമയത്ത് ഓടിയെത്തി റെയിൽവെ ഞെട്ടിച്ചുകളഞ്ഞു. അതും പെൺകുട്ടിയുടെ സഹോദരന്റെ ട്വീറ്റ് വായിച്ച്.
കഴിഞ്ഞ ബുധനാഴ്ച ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. മൗ സ്വദേശിനിയായ നസിയ തബസുവിനുവേണ്ടിയാണ് തീ വണ്ടി, തീയുണ്ടയായി ചീറിപ്പാഞ്ഞത്.
നസിയയുടെ ബിടിസി ഡിഎൽഇഡി പരീക്ഷ സെന്റർ വാരാണസിയായിരുന്നു. ഇവിടെ എത്താൻ ചപ്ര-വാരാണസി ഇന്റർസിറ്റി സ്പെഷൽ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു.
മൗ ജംഗ്ഷനിൽ രാവിലെ 6.25 ന് എത്തുന്ന ട്രെയിനിൽ കയറിയാൽ നസിയക്കു കൃത്യസമയത്ത് വാരാണസിയിൽ എത്താൻ കഴിയും.
എന്നാൽ ബുധനാഴ്ചയും റെയിൽവെ പതിവിനു മാറ്റം വരുത്താൻ തയാറായില്ല. മൂടൽമഞ്ഞുകാരണം 2.50 മണിക്കൂർ വൈകിയോടുന്നു എന്നറിയിപ്പ് എത്തി. ഒടുവിൽ മൗ ജംഗാഷനിൽ ട്രെയിൻ എത്തുമ്പോൾ സമയം എട്ട്.
സങ്കടത്തിലായ നസിയ സഹോദരൻ അൻവർ ജമാലിനെ വിവരം അറിയിച്ചു. തനിക്ക് പരീക്ഷ എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.
സഹോദരൻ ഇതോടെ ഭാഗ്യപരീക്ഷണത്തിനു മുതിർന്നു. ട്രെയിൻ താമസിച്ച് എത്തിയാൽ തന്റെ സഹോദരിയുടെ പരീക്ഷ മുടങ്ങുമെന്ന് കാണിച്ച് അൻവർ ട്വീറ്റ് ചെയ്തു.