ഷൊർണൂർ: കാലവർഷം ശക്തമായതോടെ റെയിൽവേ സുരക്ഷ മുൻനിർത്തി ജാഗ്രതാനിർദേശം നല്കി. റെയിൽപ്പാളങ്ങളിൽ വെള്ളം കയറലും മണ്ണിടിച്ചിലും മലയിടിച്ചിലും വൻമരങ്ങൾ കടപുഴകി റെയിൽപ്പാളങ്ങളിൽ വീഴുന്നതും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ മുന്നിൽകണ്ടാണ് റെയിൽവേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ജൂണ്‍ ഒന്നുമുതൽ ഓഗസ്റ്റ് അവസാനംവരെ വൈകുന്നേരം മുതൽ പുലർച്ചെവരെ ട്രാക്കിൽ കർശന പരിശോധനകൾക്കാണ് തീരുമാനം. ഷൊർണൂർ, നിലന്പൂർ റൂട്ടിൽ മണ്ണിടിച്ചിലും മരങ്ങൾ കടപുഴകിവീഴലും വർഷക്കാലത്ത് പതിവാണ്. വള്ളത്തോൾ നഗർ, മുള്ളൂർക്കര, കഞ്ചിക്കോട്, വടക്കഞ്ചേരി ഉൾപ്പെടെയുള്ള മേഖലകളിൽ റെയിൽപ്പാളത്തിൽ അപായസാധ്യത കൂടുതലുണ്ട്.
റെയിൽപാളങ്ങളോടു ചേർന്ന് പുഴയൊഴുകുന്ന ഇടങ്ങളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാൻ റെയിൽവേ ജീവനക്കാർക്കു നിർദേശം നല്‍കിയിട്ടുണ്ട്.അതേസമയം മഴക്കാലത്ത് റെയിൽപ്പാളങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ രാത്രികാല പരിശോധനകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയെ നിയോഗിക്കാനും ആലോചിക്കുന്നു.
പദ്ധതി വിജയമെന്നുകണ്ടാൽ ട്രാക്ക് മെയിന്റനൻമാർ കുറവായ ദക്ഷിണ റെയിൽവേയിലെ മറ്റു ഡിവിഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സ്വകാര്യ ഏജൻസികൾക്കു കീഴിലെ മറുനാടൻ തൊഴിലാളികളെയാണ് ട്രാക്ക് മെയിന്റനൻമാരുടെ സഹായികളായി നിയോഗിക്കുന്നത്. ഇതിനെതിരേ റെയിൽവേ ജീവനക്കാർ പ്രതിഷേധവും ഉയർത്തുന്നുണ്ട്.