കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിധിയിൽ രണ്ടു ട്രെയിനുകൾക്ക് കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചത്. ട്രെയിനിന് കല്ലേറുണ്ടായ സമയത്ത് സംശയാസ്പദമായി ട്രാക്കിൽ കണ്ടതിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്തപ്പോൾ ഇവരല്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. സംഭവത്തിൽ ആർപിഎഫ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഞായറാഴ്ച വൈകുന്നേരം 7.11 നും 7.16 നും ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനുനേരെയും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റിനും നേരെയുമായിരുന്നു കല്ലേറ്. കല്ലേറില്‍ രണ്ടു ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി.
വീണ്ടും കല്ലേറ്, ആശങ്ക
പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായെന്നത് റെയിൽവേ ജീവനക്കാരേയും യാത്രക്കാരെയും ഓരേപോലെ ആശങ്കയിലാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ തുരന്തോ എക്സ്പ്രസ് പാപ്പിനിശേരി കഴിഞ്ഞപ്പോഴാണ് ലോക്കോ പൈലറ്റ് വലിയൊരു ശബ്ദം കേട്ടത്. തുടർന്ന് കോഴിക്കോട് ട്രെയിൻ നിർത്തിയിട്ട് ആർപിഎഫിന്റെ നേതൃത്വത്തിൽ പരിശോധിച്ചു.
എന്നാൽ, പരിശോധനയിൽ കല്ലേറുമായി ബന്ധപ്പെട്ട് യാതൊന്നും കണ്ടെത്തിയില്ല. തുടർന്ന്, ട്രെയിൻ യാത്ര തുടരുകയായിരുന്നു.
പ്രതികൾ കാണാമറയത്ത്
ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ പാലക്കാട് ഡിവിഷനില്‍ ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തില്‍ 21 കേസുകളാണ് ആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷം 32 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ എടക്കാടിനും കണ്ണൂരിനുമിടയിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ 12 വയസുകാരിക്ക് പരിക്കേറ്റിരുന്നു.
കുടുംബത്തോടൊപ്പം മംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ യാത്രചെയ്യവേയായിരുന്നു പരിക്കേറ്റത്.
എന്നാൽ, സംഭവം നടന്ന് ഒരുവർഷമാകാറായിട്ടും പ്രതികളെ പിടികൂടിയില്ല. രണ്ടു മാസങ്ങൾക്ക് മുന്‍പ് കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽവച്ച് വന്ദേഭാരത് എക്സപ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. കൂടാതെ വളപട്ടണം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ കല്ലെടുത്ത് വച്ച് ട്രെയിൻ അപകടപെടുത്താനുള്ള ശ്രമവും നടന്നിരുന്നു.
ഈ സംഭവത്തിൽ ഇതരസംസ്ഥാനതൊഴിലാളിയെ പിടികൂടിയിരുന്നു. ട്രെയിനിന് നേരെ അക്രമങ്ങൾ വർധിക്കുമ്പോഴും പ്രതികൾ കാണാമറയത്ത് തന്നെയാണ്. ആർപിഎഫിൽ വേണ്ടത്ര ആളില്ലാത്തതാണ് പല സംഭവത്തിലും അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി
കണ്ണൂരിൽ ട്രെയിനിന് നേരെ ആക്രമണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി. കണ്ണൂരിൽ ട്രെയിനിന് തീയിട്ട സംഭവത്തിന് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു.
കൂടാതെ നൈറ്റ് പട്രോളിംഗും ശക്തമാക്കി. വെളിച്ചം കുറവുള്ള പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ആർപിഎഫിന്റെയും റെയിൽവേ പോലീസിന്റെയും നേതൃത്വത്തിൽ ട്രെയിനുകളിലും സ്റ്റേഷൻ പരിസരങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.സംശയാസ്പദമായി കാണുന്ന ആളുകളെ കസ്റ്റഡിയിൽ എടുക്കുമെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജാഗ്രതാ സമിതി ഇപ്പോഴില്ല
ട്രെയിനിന് നേരെ തുടർച്ചയായി കല്ലേറ് ഉണ്ടാകുന്ന സാഹചര്യത്തിൽ ആർപിഎഫിന്റെ നേതൃത്വത്തിൽ ഒരു ജാഗ്രതാ സമിതി രൂപീകരിച്ചിരുന്നു.
എന്നാൽ, അതിന്റെ പ്രവർത്തനം ഇപ്പോൾ കാര്യക്ഷമമല്ല. റെയിൽവേ ട്രാക്കിന് സമീപത്ത് താമസിക്കുന്നവരെയും മറ്റ് പൊതുപ്രവർത്തകരെയും ഉൾപ്പെടുത്തിയായിരുന്നു ജാഗ്രതാസമിതി രൂപീകരിച്ചത്.
കുറച്ചുകാലം നല്ലരീതിയിൽ ഇത് പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ നിശ്ചലമായ അവസ്ഥയിലാണ്.ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത് നിത്യസംഭവമാകുന്ന സാഹചര്യത്തിൽ ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.