പഴയന്നൂർ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയെ കണ്ടെത്തി. പോലീസിനെയും വീട്ടുകാരെയും വട്ടംകറക്കി നാടുചുറ്റിക്കൊണ്ടിരുന്ന യുവാവിനെ കണ്ടെത്തിയതും ട്രെയിനിൽനിന്നുതന്നെ. ദിവസത്തിൽ ഒരുനേരം സുഭിക്ഷമായും മറ്റുസമയങ്ങളിൽ ലഘുഭക്ഷണം കഴിച്ചും ട്രെയിനിൽ കറങ്ങിയത് 12 ദിവസം. യാത്രയ്ക്കിടയിൽ വീടിനടുത്ത് എത്തിയിട്ടും ഇറങ്ങാതിരുന്ന വിദ്യാർഥി ഒടുവിൽ സുഹൃത്തിന്റെ കണ്ണിൽപ്പെട്ടതോടെ കുടുങ്ങുക യായിരുന്നു.
പാന്പാടിയിലെ എൻജിനീയറിംഗ് കോളജ് വിദ്യാർഥിയായ പത്തനാപുരം സ്വദേശിയെയാണ് ഇന്നലെ ട്രെയിനിൽനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 18-ാം തീയതിയാണ് വിദ്യാർഥിയെ കാണാതായത്. ട്രെയിനിൽ മുംബൈ, ഗോവ, വീണ്ടും തിരിച്ച് മുംബൈ, അവിടെനിന്ന് കന്യാകുമാരി എന്നിവിടങ്ങളിൽ ഇയാൾ എത്തി.
കന്യാകുമാരിയിൽ എടിഎം ഉപയോഗിച്ചപ്പോഴാണ് പോലീസിന് സൂചന ലഭിച്ചത്. പോലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചതും യുവാവ് വീണ്ടും കൊല്ലംവഴി തിരിച്ച് യാത്ര ചെയ്തു. വീടിനടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോൾ ഇറങ്ങിയില്ല. ഉറങ്ങിപ്പോയി എന്നാണ് ഇയാൾ പറയുന്നത്.
ഒടുവിൽ ആലുവയിൽവച്ച് സുഹൃത്തിന്റെ കണ്ണിൽപ്പെട്ടു. പിടികൊടുക്കാതെ പിന്നെയും മാറി. പോലീസ് എല്ലാ റെയിൽവേ സ്റ്റേഷനിലേക്കും വിവരം അറിയിച്ചിരുന്നു. പിന്നീട് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽവച്ചാണ് പോലീസ് കണ്ടെത്തിയത്.
13 ദിവസംകൊണ്ട് താടിവളർത്തി ചെറിയ രൂപമാറ്റം വരുത്തിയിരുന്നു. പഴയന്നൂർ പോലീസ് സ്റ്റേഷനിൽനിന്നുള്ള അന്വേഷണസംഘം ഇയാളെയും കൊണ്ട് പഴയന്നൂരിലെത്തി. എന്തിനായിരുന്നു കറക്കമെന്ന് യുവാവ് വെളിപ്പെടുത്തിയിട്ടില്ല.