കോട്ടയം: ട്രെയിൻ യാത്രയ്ക്കിടയിൽ ചായ നൽകി ബോധം കെടുത്തി അമ്മയെയും മകളെയും കൊള്ളയടിച്ചു. ട്രെയിൻ യാത്രക്കാരായ പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ഷീല സെബാസ്റ്റ്യൻ (58), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (24) എന്നിവരെയാണ് കൊള്ളയടിച്ചത്.
ഇവരുവരുടെയും പക്കലുണ്ടായിരുന്ന 18,000 രൂപ, മാല, മോതിരം, കമ്മൽ, പാദസ്വരം, രണ്ട് മൊബൈൽ ഫോണുകൾ, പഴ്സുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ശബരി എക്സ്പ്രസ് കോട്ടയത്തെത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും റെയിൽവേ പോലീസാണു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഹൈദ്രാബാദിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ചിക്കുവിന്റെ സർട്ടിഫിക്കറ്റുകൾ വാങ്ങാനാണു ഇരുവരും ഹൈദരാബാദിലേക്കു പോയത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഇരുവരും ശബരി എക്സ് പ്രസിന്റെ എസ് എട്ട് ബോഗിയിൽ തിരികെ പുറപ്പെട്ടത്. ആലുവയ്ക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളിൽ ഇതരസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവർ പോലീസിനു മൊഴി നൽകി. വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച രാവിലെയും ഇതരസംസ്ഥാനക്കാരായ സംഘം അമ്മയ്ക്കും മകൾക്കും ട്രെയിനിൽനിന്നു ചായ വാങ്ങി നൽകിയിരുന്നു. ട്രെയിൻ സേലത്തുനിന്നു പുറപ്പെട്ടശേഷം ശനിയാഴ്ച രാവിലെയാണു ചായ വാങ്ങി നൽകിയത്. ചായ കുടിച്ച് അൽപസമയത്തിനുശേഷം ഇരുവരും അബോധാവസ്ഥയിലായി.
ആലുവ സ്റ്റേഷൻ കഴിഞ്ഞിട്ടും ഇവർ ഇറങ്ങാതെ ട്രെയിനിൽ കിടന്നുറങ്ങുന്നതു ടിടിഇയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ബോധം തിരികെ ലഭിച്ചു കാര്യങ്ങൾ ചോദിച്ചപ്പോഴാണു പത്തരപവൻ സ്വർണവും മൊബൈൽ ഫോണും ഉൾപ്പെടെ സാധനങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.