കൊല്ലം: മുംബൈയിൽനിന്ന് കേരളത്തിലേക്കു പുതിയ ട്രെയിൻ ആരംഭിക്കുന്നതിന് ശിപാർശ. പൻവേൽ -കൊച്ചുവേളി റൂട്ടിൽ പ്രതിവാര എക്സ്പ്രസ് ഓടിക്കുന്നതിനാണ് കഴിഞ്ഞ മാസം ചേർന്ന ടൈംടേബിൾ കമ്മിറ്റി യോഗം ശിപാർശ ചെയ്തിട്ടുള്ളത്. ഈ നിർദേശം റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.
അന്തിമ തീരുമാനം ആയിട്ടില്ല. അതുകൊണ്ടുതന്നെ ജൂലൈയിൽ പുറത്തിറങ്ങുന്ന പുതിയ ടൈംടേബിളിൽ ഈ വണ്ടിയെ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.നിലവിൽ ലോകമാന്യ തിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് മാത്രമാണ് മുംബൈയിൽനിന്ന് കേരളത്തിലേയ്ക്ക് പ്രതിദിന സർവീസ് നടത്തുന്ന ഏക വണ്ടി.
ഇതുകൂടാതെ ലോകമാന്യ തിലക് – കൊച്ചുവേളി ദ്വൈവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും കേരളത്തിലേക്ക് ഓടുന്നുണ്ട്. ഇത് ജൂലൈ ഒന്നുമുതൽ ആഴ്ചയിൽ അഞ്ചു ദിവസം സർവീസ് നടത്തുന്നതിനും ടൈംടേബിൾ കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. നേരത്തേ മുംബൈ സിഎസ്ടി-കന്യാകുമാരി റൂട്ടിൽ ഓടിയിരുന്ന ജയന്തി ജനത എക്സ്പ്രസുകൾ (16381/16382) ഇപ്പോൾ മുംബൈ വരെ പോകുന്നില്ല. പൂനെ -കന്യാകുമാരി റൂട്ടിലാണ് ഈ വണ്ടികൾ ഓടുന്നത്. ഇത് ജൂലൈ ഒന്നുമുതൽ പൂനെ -നാഗർകോവിൽ വരെയാക്കി നിജപ്പെടുത്താനും തീരുമാനമുണ്ട്.
അതേസമയം വെയിറ്റിംഗ് ലിസ്റ്റിലെ അഭൂതപൂർവമായ തിരക്ക് പ്രമാണിച്ച് വിശാഖപട്ടണം – കൊല്ലം റൂട്ടിൽ ഓടുന്ന സമ്മർ സ്പെഷൽ എക്സ്പ്രസുകളിൽ (08539/08540) ജൂലൈ നാലുവരെ രണ്ട് അധിക കോച്ചുകൾ ഏർപ്പെടുത്തി.ഒരു എസി ത്രീ ടയർ കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് പുതുതായി ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുകാരണം ഇരു ദിശകളിലുമായി 952 ബർത്തുകൾ വീതം കൂടി 1904 ബർത്തുകൾ അധികമായി ലഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
ഇതുകൂടാതെ കൊച്ചുവേളിയിൽ നിന്ന് രാത്രി 9.25 ന് മംഗളുരു ജംഗ്ഷനിലേയ്ക്ക് പുറപ്പെടുന്ന അന്ത്യോദയ എക്സ്പ്രസ് ഈ മാസം ആറ്, എട്ട്, 13, 15, 20, 22, 27, 29 തീയതികളിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുകയെന്നും അധികൃതർ അറിയിച്ചു.
ഇതുകാരണം ആലപ്പുഴയിലെയും എറണാകുളം ജംഗ്ഷനിലെയും സ്റ്റോപ്പുകൾ ഈ ദിവസങ്ങളിൽ ഒഴിവാക്കി. പകരം കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
എസ്.ആർ. സുധീർ കുമാർ