ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോധാവരി ജില്ലയിൽ ഓട്ടത്തിനിടെ ട്രെയിനിലെ പാൻട്രികാർ തീപിടിച്ച് കത്തി. ജീവനക്കാർ വേഗം തന്നെ പാൻട്രികാർ ട്രെയിനിൽനിന്നും വേർപെടുത്തി മറ്റ് ബോഗികളിലേക്ക് തീപടരാതെ അപകടം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല.
ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു തീപിടിത്തമുണ്ടായത്. എശ്വന്ത്പുർ-ടാറ്റാനഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ബംഗളൂരുവിൽനിന്നും ജംഷഡ്പുരിലേക്ക് പോകുകയായിരുന്നു ട്രെയിൻ.
പാൻട്രിയിൽ തീപിടിച്ചതോടെ ജീവനക്കാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ട്രെയിനിൽനിന്നും പാൻട്രികാർ വേർപെടുത്തിയത്. ഇതിനു ശേഷമാണ് തീ അണയ്ക്കാനായത്. പാൻട്രികാർ പൂർണമായും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് വിജയവാഡ-വിസാഗ് സെക്ടറിലെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.