ഷൊർണൂർ: ട്രെയിനുകൾ കേന്ദ്രീകരിച്ച് കള്ളപ്പണമൊഴുകുന്നതായി വിവരം. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പരിശോധനകൾ കർക്കശമാക്കി. പണത്തിന് പുറമേ സ്വർണ്ണം, കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ എന്നിവയുടെ ഒഴുക്കും വ്യാപകമാണ്.
കോവിഡ് കാലം മറയാക്കിയാണ് രാജ്യത്തിന്റെ സന്പദ്ഘടനക്ക് തുരങ്കം വയ്ക്കുന്ന കള്ളപ്പണ, സ്വർണ്ണ കടത്തും, ഒരു തലമുറയേയാകെ നശിപ്പിക്കുന്ന ലഹരിക്കടത്തും നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽരേഖകളില്ലാതെ തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായിരുന്നു.
സോലാപുർ സ്വദേശി പാണ്ടുരംഗ് (22) ആണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിൽ പിടിയിലായത്. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിൽ റിസർവേഷൻ കന്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു പാണ്ടുരംഗ്.
കോഴിക്കോട്ടെ സ്വർണവ്യാപാരിക്ക് വേണ്ടിയാണ് പണം കൊണ്ടുപോയതെന്നും ഇതിനുമുന്പും പണം കടത്തിയിട്ടുണ്ടെന്നും പ്രതി മൊഴിനൽകിയിരുന്നു. തീവണ്ടികളിൽ കനത്ത പരിശോധന തുടരാനാണ് തീരുമാനം. ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
സ്വർണ്ണക്കടത്തും, മയക്കുമരുന്നുകളുടെ കടത്തലും തീവണ്ടികൾ കേന്ദ്രീകരിച്ച് വർദ്ധിച്ചു വരികയാണന്നും വിവരം ലഭിച്ചിട്ടുണ്ട്.രേഖകളില്ലാതെ കടത്തുന്ന സ്വർണ്ണം പിടികൂടിയാൽ തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വർണ്ണ വ്യാപാരിയുടെ ഉരുപ്പടിയാണെന്ന് രേഖയുണ്ടാക്കുന്ന കൗശലമാണ് മാഫിയകൾ പ്രയോഗിക്കുന്നത്.
രേഖകൾ ഹാജരാക്കുന്നതോടു കൂടി സ്വർണ്ണം വിട്ടു നൽകുകയും ചെയ്യും. പ്രതികൾക്ക് രക്ഷയും ലഭിക്കും. കഞ്ചാവിന്റെ വിപണനമാണ് തീവണ്ടി മാർഗ്ഗം നടക്കുന്ന മറ്റൊരു കുറ്റകൃത്യം.തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് കേരളത്തിലേക്കൊഴുകുന്നത്. കള്ളപ്പണം, സ്വർണ്ണക്കടത്ത്, കഞ്ചാവ് കടത്ത് എന്നിവ പിടികൂടുന്നത് ഒറ്റുകാർ വിവരം നൽകിയാൽ മാത്രമാണ്.
തീവണ്ടി മാർഗ്ഗം ഇവയുടെ ഒഴുക്ക് റെയിൽവേ പോലീസ്, ആർപിഎഫ് എന്നിവർക്ക് അറിയാമെങ്കിലും കർശന പരിശോധനകൾക്ക് ഇവർ മുതിരാറില്ല. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് പരിശോധനകൾ കുറക്കുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം.
എന്നാൽ ഈ മാഫിയകളുമായി പല ഉദ്യോഗസ്ഥൻമാരും വച്ചു പുലർത്തുന്ന രഹസ്യ ബന്ധവും പരിശോധനകളെ പുറകോട്ടടിപ്പിക്കുന്നുണ്ട്. അധോലോക മാഫിയകൾ തമ്മിലുള്ള കുടിപ്പകയിൽ ഒറ്റ് മൂലമാണ് എപ്പോഴെങ്കിലും ഇവ പിടികൂടാൻ കാരണമാവുന്നത്.
ഒന്നിലധികം ഉദ്യോഗസ്ഥൻമാർക്ക് രഹസ്യവിവരം ലഭിക്കുന്പോൾ തീവണ്ടിയിൽ റെയ്ഡുകൾ നടത്താൻ ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയാണ്. അജ്ഞാതർ നൽകുന്ന രഹസ്യവിവര പ്രകാരം എപ്പോഴെങ്കിലും പിടികൂടുന്ന ഉരുപ്പടികൾ കസ്റ്റഡിയിലെടുത്ത് ഉദ്യോഗസ്ഥർ മേനി നടിക്കുകയും ചെയ്യും.