കൊല്ലം: ട്രെയിനുകളുടെ അപ്രതീക്ഷിത സമയമാറ്റവും അശാസ്ത്രീയമായ സമയക്രമവും കൊല്ലം തിരുവനന്തപുരം മേഖലയിൽ യാത്രക്കാരെ ഏറെ വലയ്ക്കുന്നു. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകൾ നിരവധി നിവേദനങ്ങൾ റെയിൽവേ അധികൃതർക്ക് നൽകിയെങ്കിലും അനുകൂലമായ ഒരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല.
56716 നന്പർ കന്യാകുമാരി-പുനലൂർ പാസഞ്ചർ ഇപ്പോൾ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത് വൈകുന്നേരം 4.45നാണ്. സർക്കാർ ഉദ്യോഗസ്ഥർക്കൊന്നും ഇതുകാരണം ഈ പാസഞ്ചറിൽ യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഈ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 5.05ന് പുറപ്പെട്ടാൽ കൊല്ലത്തും പുനലൂരിലേയ്ക്കും പോകുന്ന നൂറുകണക്കിന് യാത്രികർക്ക് ഏറെ ഉപകാരപ്രദമാകും.
പുനലൂർ-കന്യാകുമാരി പാസഞ്ചറിന്റെ രാവിലത്തെ കൊല്ലത്തെ സമയക്രമവും യാത്രക്കാരെ വലയ്ക്കുന്ന തരത്തിലാണ്. പാസഞ്ചറിന്റെ കൊല്ലത്തെ സമയം രാവിലെ 7.45നാണ്. ഈ ട്രെയിനിൽ പുനലൂരിൽ നിന്ന് കൊല്ലത്ത് എത്തുന്നവർക്ക് എറണാകുളം ഭാഗത്തേയ്ക്കുള്ള മെമുവിനും പരുശുറാം എക്സ്പ്രസിനും കണക്ഷൻ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്.
തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസ് കൊല്ലത്തുനിന്ന് പുറപ്പെടുന്നത് രാവിലെ 7.35നാണ്. മെമു കൊല്ലത്ത് നിന്ന് പുറപ്പെടുന്നത് 7.50നാണ്. പുനലൂർ-കന്യാകുമാരി പാസഞ്ചറിന്റെ കൊല്ലത്തെ സമയം അൽപ്പം കൂടി വൈകിപ്പിച്ചാൽ യാത്രക്കാർ ഇന്നനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് ശാശ്വതപരിഹാരം ഉണ്ടാകും.
പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയിൻ കൊല്ലത്ത് ഇപ്പോഴത്തെ സമയത്ത് എത്തിയാൽ പോലും യാത്രക്കാർക്ക് ഓവർബ്രിഡ്ജ് കയറി പലപ്പോഴും നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിൽ നിൽക്കുന്ന മെമു ട്രെയിനിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ല. സ്ത്രീകളും വയോധികരുമാണ് ഇക്കാര്യത്തിൽ ഏറെ ബുദ്ധിമുട്ടുന്നത്.
കൊല്ലത്തുനിന്നും രാവിലെ 9.50ന് കന്യാകുമാരിക്ക് പുറപ്പെട്ടിരുന്ന മെമു ട്രെയിനിന്റെ സമയം കഴിഞ്ഞയാഴ്ച മുതൽ മാറ്റിയ വിവരം അധികമാരും അറിഞ്ഞിട്ടില്ല. ഈ ട്രെയിൻ ഇപ്പോൾ കൊല്ലത്തുനിന്ന് പുറപ്പെടുന്നത് 10.50നാണ്. ഈ ട്രെയിനിന്റെ സമയമാറ്റവും യാത്രക്കാർക്ക് ബുദ്ധിമുട്ടായിരിക്കയാണ്.
ഇപ്പോഴത്തെ അവസ്ഥയിൽ രാവിലെ 8.50ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന മുംബൈ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് കഴിഞ്ഞാൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പിന്നീടുള്ളത് കൊല്ലത്ത് 10.20ന് എത്തുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിനാണ്.
കൊല്ലം വിട്ടാൽ ട്രെയിനിന് വർക്കല മാത്രമേ സ്റ്റോപ്പുള്ളൂ. മാത്രമല്ല സൂപ്പർഫാസ്റ്റ് ആയതിനാൽ ടിക്കറ്റ് നിരക്കും കൂടുതലാണ്. ഇതുകാരണം സാധാരണ യാത്രികർ ചെന്നൈ മെയിലിനെ കാര്യമായി ആശ്രയിക്കാറില്ല.ഇതിനുശേഷം തിരുവനന്തപുരത്തേക്ക് പോകുന്നത് ബാംഗളൂർ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനാണ്. ഈ ട്രെയിൻ 11.10ന് കൊല്ലത്തുനിന്ന് പുറപ്പെടും.
അതിന് അൽപ്പം മുന്പ് മാത്രം പുറപ്പെടുന്ന രീതിയിലുള്ള ഇപ്പോഴത്തെ സമയമാറ്റം അശാസ്ത്രീയമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല ഐലന്റ് എക്സ്പ്രസും മെമുവും പോകുന്നത് കന്യാകുമാരി വരെയാണ്. ഐലന്റ് എക്സ്പ്രസ് കൊല്ലത്ത് കൃത്യസമയം പാലിച്ചാൽ അതിന് അൽപ്പം മുന്പ് പോകുന്ന മെമു പാസഞ്ചർ പരവൂർ, വർക്കല, കടയ്ക്കാവൂർ എന്നീ സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിൽ ഓവർടേക്കിംഗിനായി നിർത്തിയിടുമെന്ന കാര്യവും ഉറപ്പാണ്.
ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മെമു ട്രെയിൻ കൊല്ലത്തുനിന്ന് രാവിലെ 9.30ന് പുറപ്പെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.രാവിലെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്ന വഞ്ചിനാട് എക്സ്പ്രസ് പെരിനാട് സ്റ്റേഷനിൽ അരമണിക്കൂറോളം നിർത്തിയിട്ടശേഷം പുറകേ വരുന്ന ഇന്റർസിറ്റി എക്സ്പ്രസ് കടത്തിവിടുന്നതും നിത്യസംഭവമായിരിക്കയാണ്.
ഇതുകാരണം വഞ്ചിനാടിൽ വരുന്ന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. ആദ്യം തിരുവനന്തപുരത്ത് എത്തും എന്ന് കരുതിയാണ് നിരവധി പേർ ഈ ട്രെയിനിനെ ആശ്രയിക്കുന്നത്.വഞ്ചിനാടിൽ കൊല്ലത്ത് എത്തി കൊട്ടാരക്കരയ്ക്കും പുനലൂരിനും പോകേണ്ട യാത്രക്കാരും വലയുകയാണ്.
ഇവർക്ക് പലപ്പോഴും പുനലൂരിലേയ്ക്ക് പോകുന്ന പാസഞ്ചർ ട്രെയിൻ കിട്ടാറുമില്ല. വഞ്ചിനാടിലെ യാത്രക്കാർ തിരുവനന്തപുരത്ത് എത്താനും വൈകുന്നു. ഇക്കാര്യത്തിൽ റെയിൽവേ അധികൃതർ കൃത്യമായ അനൗൺസ്മെന്റ് പോലും നടത്താറില്ല എന്നതാണ് വാസ്തവം.
പുതുതായി ഏർപ്പെടുത്തിയ ഹംസഫർ എക്സ്പ്രസിന്റെയും അന്ത്യോദയ എക്സ്പ്രസ് ട്രെയിനിന്റെയും സമയക്രമവും തിരക്കേറിയ സമയത്തായതിനാൽ രാവിലെ തിരുവനന്തപുരത്തിന് പോകുന്ന മറ്റ് ട്രെയിനുകൾ വൈകുന്നതിനും കാരണമാകുന്നു.