കൊല്ലം : നാളുകൾ ഏറെയായിട്ടും അറ്റകുറ്റ പണികളുടെയും സിഗ്നൽ തകരാറുകളുടെയും പേരിൽ ട്രെയിനുകൾ വൈകുന്നത് യാത്രക്കാർകുണ്ടാകുന്ന കടുത്ത ബുദ്ധിമുട്ടുകൾ ചൂണ്ടികാട്ടി ജില്ലയിലുടനീളമുളള റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു.
മതിയായ ജീവനക്കാരുടെ അപര്യാപ്തതയും കാര്യക്ഷമമല്ലാത്ത കരാർ പണികളും മൂലം ട്രെയിനുകൾ നിരന്തരമായി വൈകുന്നതിനാൽ സ്ഥിരം യാത്രക്കാരടക്കമുളള യാത്രക്കാരുടെ ജീവിതക്രമവും ദൈനംദിന ബജറ്റും പാടെ തകർന്നിരിക്കുകയാണെന്നും അടിയന്തിരനടപടിയുണ്ടായി സമയക്രമം പാലിച്ച് ട്രെയിനുകൾ സർവീസ് നടത്തണമെന്ന് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെട്ടു.
സതേണ്‍ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വ്യാപകപ്രതിഷേധദിനം കൊല്ലത്ത് സംസ്ഥാന പ്രസിഡന്റ് സജീവ് പരിശവിളയും ശാസ്താംകോട്ടയിൽ ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാമും ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികളെയും, സ്ഥിരം യാത്രക്കാരുടെയും, പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമയക്രമം നിശ്ചയിക്കാനുളള ജനകീയസമിതി രൂപീകരിക്കണമെന്നും സീസണ് ടിക്കറ്റ് യാത്രക്കാർക്കായി കൂടുതൽ ജനറൽ കന്പാർട്ട്മെന്റും ഡി റീസർവഡ് ബോഗികളും അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
സജീവ് പരിശവിള, കണ്ണനല്ലൂർ നിസാം, അനിൽ കോവൂർ, അഷറഫ്.എ, നൗഷാദ്. എസ്, സുരേഷ് ബാബു, സലീം. ഇ, പത്മകുമാർ, സലാഹുദ്ദീൻ, അനൂപ് എം.എസ്, ഷാജി, തുടങ്ങിയവർ വിവിധ സ്റ്റേഷനുകളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.