ഷൊർണൂർ: ഷണ്ടിംഗ് ലോക്കോ പൈലറ്റുമാരുടെ കുറവ് ട്രെയിൻ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നതായി രാതി. ഇതുമൂലം ട്രെയിനുകൾ വൈകിയോടുന്നത് പതിവാണ്. കഴിഞ്ഞദിവസം 13 ട്രെയിനുകളാണ് ഇതുമൂലം വൈകിയത്.
പ്രതിദിനം അനുവദിക്കുന്ന ഷണ്ടിംഗ് ലോക്കോ പൈലറ്റുമാരുടെ എണ്ണം കുറച്ചതുമൂലമാണ് ട്രെയിനുകൾ വൈകിയോടുന്നതിനു കാരണമായത്. മുന്പ് ഒരു ഷിഫ്റ്റിൽ അഞ്ചുജീവനക്കാർ ഉണ്ടായിരുന്നത് ഇപ്പോൾ നാലും അതിൽ താഴെയുമാക്കി ചുരുക്കി. ഒരു എൻജിൻ ഷണ്ടിംഗ് പൂർത്തിയാക്കാൻ രണ്ടുപേർ വീതമാണ് ആവശ്യമുള്ളത്. ഒരേസമയം ഒന്നിൽ കൂടുതൽ ട്രെയിനുകൾ വരുന്പോൾ മൂന്നു ലോക്കോ പൈലറ്റുമാർക്ക് കൂടുതൽ സമയം ആവശ്യമായി വരികയും അധികജോലിഭാരം ഉണ്ടാകുകയും ചെയ്യും.
ഇലക്ട്രിക്, ഡീസൽ എൻജിനുകൾ മാറ്റി ഘടിപ്പിക്കുക, ട്രെയിനുകളുടെ ദിശമാറ്റുന്നതിനു എൻജിൻ നല്കുക എന്നീ ശ്രമകരമായ ജോലികളാണ് ഷണ്ടിംഗ് ലോക്കോ പൈലറ്റുമാർക്ക് ചെയ്യാനുള്ളത്.
ഇത്തരക്കാരെ ആവശ്യത്തിനു അനുവദിക്കാതെ ട്രെയിനുകൾ വൈകുന്നതും ജീവനക്കാരുടെ കെടുകാര്യസ്ഥതയാണെന്ന് വരുത്തിതീർക്കുകയാണെന്ന് ജോലിക്കാർ പറയുന്നു.അതേസമയം ഷണ്ടിംഗ് ലോക്കോപൈലറ്റുമാരുടെ കുറവാണ് ആവശ്യത്തിന് ഇവരെ അനുവദിക്കുന്നതിനു തടസമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ട്രെയിനുകളിൽ ശുഭയാത്ര ആശംസിക്കുന്ന റെയിൽവേ ഇതിനാവശ്യമായ ഭൗതിക സാഹചര്യം കൂടി ഉറപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്.
ലോക്കോപൈലറ്റുമാരുടെ പ്രശ്നംപോലെ റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്.