കൊല്ലം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷിണ റെയിൽവേയിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം നിർബന്ധമാക്കാൻ നിർദേശം. വിവിധ സോണുകളിൽ ജോലി ചെയ്യുന്നവർക്ക് അവിടത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടാകണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
ഇതനുസരിച്ച് ദക്ഷിണ റെയിൽവേയിലെ ജീവനക്കാർക്ക് തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ഏറ്റവും കുറഞ്ഞത് ആശയ വിനിമയം നടത്തുന്നതിനുള്ള അറിവെങ്കിലും ഉണ്ടായിരിക്കണം. യാത്രക്കാരോടും സഹപ്രവർത്തകരോടും സംവദിക്കാൻ ഇത്തരം അറിവ് അനിവാര്യമാണെന്ന് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേഷൻ മാസ്റ്റർമാർ, ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളിൽ ജോലി ചെയ്യുന്നവർ, പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്നവർ, ടിടിഇമാർ, ആർപിഎഫ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പ്രാദേശിക ഭാഷ വശമുണ്ടാകണം.
നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് പ്രധാനമായും ആശയ വിനിമയം നടക്കുന്നത്.
ഇത് പലപ്പോഴും യാത്രികർക്ക് മനസിലാവാത്ത അവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് പ്രാദേശിക ഭാഷകളിൽ സംസാരിക്കുന്നതിന് പരിശീലനം നൽകണമെന്ന് ദക്ഷിണ റെയിൽവേയുടെ പേഴ്സണൽ വിഭാഗം വിവിധ വകുപ്പുകളുടെ മേധാവികൾക്ക് നിർദേശം നൽകിയിട്ടുള്ളത്.
ജീവനക്കാർക്ക് അവർ ജോലി ചെയ്യുന്ന മേഖലകളിലെ പ്രാദേശിക ഭാഷകളിൽ പരിജ്ഞാനം ഉണ്ടായാൽ അത് പൊതുജനങ്ങൾക്കും ഒപ്പം റെയിൽവേയ്ക്കും ഏറെ ഗുണം ചെയ്യുമെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശിക ഭാഷാ പഠനത്തിന് വേണമെങ്കിൽ ജീവനക്കാർക്ക് വ്യക്തിപരമായി മൊബൈൽ ആപ്ലിക്കേഷനുകളുടെയും വെബ്സൈറ്റുകളുടെയും സഹായവും തേടാം. റെയിൽവേയിൽ പുതുതായി ജോലിക്ക് കയറുന്നവർക്ക് പരിശീലന കാലയളവിൽ പ്രാദേശിക ഭാഷാ പഠനം കൂടി നൽകണമെന്ന് നേരത്തേ നിർദേശം ഉണ്ടായിരുന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ പല കാരണങ്ങളാൽ സാധിക്കുകയുണ്ടായില്ല. അതിന്മേലുള്ള പുനർചിന്തനം എന്ന നിലയിലാണ് പുതിയ നിർദേശം വന്നിട്ടുള്ളത്.
മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ദക്ഷിണ റെയിൽവേയിൽ വന്ന് ജോലി ചെയ്യുന്ന ജീവനക്കാരിൽ ചിലർക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. അവർക്ക് സ്പോക്കൺ ഇംഗ്ലീഷിൽ പരിശീലനവും നൽകും. ചില സോണുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ എത്തുന്നവർ ഫോമുകൾ പൂരിപ്പിച്ച് നൽകുന്നത് പ്രാദേശിക ഭാഷകളിലാണ്.
എന്നാൽ കൗണ്ടറുകളിൽ ഇരിക്കുന്ന ജീവനക്കാർക്ക് ഇത് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയാലേ കമ്പ്യൂട്ടർ മുഖാന്തിരം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത് പല കൗണ്ടറുകളിലും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് കൂടുതൽ സമയം എടുക്കുന്നു എന്ന് മാത്രമല്ല പലതരം ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുമുണ്ട്. പുതിയ നിർദേശം നടപ്പിലായാൽ ഇതിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എസ്.ആർ. സുധീർ കുമാർ