പോള്‍ മാത്യു
എല്ലാവരുടെയും യാത്രയ്ക്ക് ഒരു ലക്ഷ്യമുണ്ടാകും. പക്ഷേ, ഇവരുടെ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. യാത്രയ്ക്കുമപ്പുറത്തേക്കാണ് ഇവരുടെ യാത്ര. ഓരോ ലക്ഷ്യവും ഇവര്‍ക്ക് ഓരോ സ്‌റ്റേഷനുകളാണ്. കേരളത്തിലാദ്യമായി ട്രെയിന്‍ യാത്രക്കാരുടെ കലാ-സാംസ്കാരിക സൗഹാര്‍ദകൂട്ടായ്മയായ ‘ട്രെയിന്‍മേറ്റ്‌സ്’ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയാകുകയാണ്. ജീവിത യാത്രയില്‍ പുറംതള്ളപ്പെടുന്നവരെ ഒപ്പം കൂട്ടാനുള്ള ശ്രമത്തില്‍ ഇവര്‍ വളരെ ദൂരം പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി നീളുന്ന യാത്രയില്‍ ഇവര്‍ ഇറങ്ങാത്ത മേഖലകള്‍ ചുരുക്കം. കലാരംഗത്തും സാംസ്കാരിക രംഗത്തും നിറസാന്നിധ്യം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരവധി. ജൈവ കൃഷി രംഗത്തും ഭക്ഷ്യ രംഗത്തും ഇവര്‍ ചുവടുറപ്പിച്ചുകഴിഞ്ഞു. ഒടുവിലായി ആരോഗ്യ രംഗത്തും ഇവര്‍ രക്ഷകരാകുന്നു. കാന്‍സര്‍ ബോധവല്‍ക്കരണത്തിലൂടെയാണ് ഈ രംഗത്തെത്തിയിരിക്കുന്നത്.
തുടങ്ങിയത് അഞ്ചു പേരില്‍ നിന്ന്
ചൂളം വിളിച്ചെത്തുന്ന ട്രെയിനില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റണമെന്നു മാത്രമായിരുന്നു ആദ്യം ഇവരുടെയെല്ലാം ചിന്ത. സീറ്റുകിട്ടിയാല്‍ ഇറങ്ങാനുള്ള സ്റ്റേഷനെത്തുന്നതുവരെ ഒന്നുറങ്ങണം. പിന്നീട് സ്റ്റേഷനിലിറങ്ങി ഓഫീസിലേക്ക് നെട്ടോട്ടം. വൈകീട്ട് തിരിച്ച് വീട്ടിലേക്ക് ഇതേ ആവര്‍ത്തനം. ദിവസവും കാണുന്ന മുഖങ്ങളില്‍ പരസ്പരം പുഞ്ചിരി നല്‍കി എല്ലാവരും അവരവരുടെ സ്വകാര്യതയിലേക്ക് ഒതുങ്ങും. സ്റ്റേഷനെത്തുമ്പോള്‍ ബൈ പറഞ്ഞ് ഇറങ്ങി ഓഫീസിലേക്ക്.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ അഞ്ചു പേര്‍ പരസ്പരമറിയാതെ മാസങ്ങള്‍ ഇങ്ങനെ യാത്ര ചെയ്തു. മുഖത്തോടു മുഖം നോക്കിയിരുന്നുള്ള യാത്ര. ഇതെത്ര നാള്‍ ഇങ്ങനെയിരുന്ന് യാത്ര ചെയ്തുവെന്നറിയില്ല. ട്രെയിനില്‍ മിക്കപ്പോഴും ഇവര്‍ ഒന്നിച്ചായിരുന്നു. പരസ്പരം പരിചയപ്പെട്ടതോടെ ഇവരുടെ ലക്ഷ്യം യാത്രയ്ക്കപ്പുറത്തേക്കായി. കൂടുതല്‍ സംസാരിച്ചപ്പോള്‍ ഒരേ മനസ്. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഇവരെ ഒന്നിപ്പിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന ജോലി ചെയ്തിരുന്ന ഇവര്‍ ഒരു തീരുമാനത്തിലെത്തി. യാത്രയ്ക്കുമപ്പുറം എന്തെങ്കിലും നന്‍മ സമൂഹത്തിന് നല്‍കണം. ഇവരുടെ ആശയങ്ങള്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ പോലെ നീണ്ടു. അങ്ങനെ പുതിയൊരു സംഘടന എന്ന ആശയം ഉദിച്ചു.
യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പാസഞ്ചേഴ്‌സ് അസോസിയേഷനുകള്‍ ഉണ്ടെങ്കിലും കലാ-സാംസ്കാരിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാന്നിധ്യമറിയിക്കാന്‍ ട്രെയിന്‍മേറ്റ്‌സ് എന്ന പേരില്‍ പുതിയ സംഘടന ജന്മമെടുക്കുകയായിരുന്നു. ഇപ്പോള്‍ ഒരേ മനസും ഒരേ ലക്ഷ്യവുമുള്ള അമ്പതു പേരടങ്ങുന്നതാണ് ട്രെയിന്‍മേറ്റ്‌സ് എന്ന സംഘടന. ഇതില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, ബാങ്കുദ്യോഗസ്ഥര്‍, ബിസിനസുകാര്‍ തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരൊക്കെയാണ് ട്രെയിന്‍മേറ്റ്‌സിലെ അംഗങ്ങള്‍.
ആദ്യ സംഗമം തൃശൂരില്‍
2004ലാണ് ട്രെയിന്‍മേറ്റ്‌സ് ജന്മം കൊണ്ടത്. ആദ്യ സംഗമം തൃശൂര്‍ സിഎംഎസ് സ്കൂളിലായിരുന്നു. ട്രെയിന്‍മേറ്റ്‌സ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സംഗമം പുതിയ ആവേശം പകര്‍ന്നു. പിന്നീട് ട്രെയിന്‍മേറ്റ്‌സിലെ അംഗങ്ങള്‍ വര്‍ധിച്ചു. അതിരപ്പിള്ളിയിലേക്ക് ഫാമിലി ടൂര്‍. തുടക്കത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തെങ്കിലും പിന്നീട് ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് ട്രാക്ക് മാറി യാത്ര തുടങ്ങി. പക്ഷേ എല്ലാ ഓണത്തിനും മറ്റും ഇവര്‍ ഒന്നിച്ചു കൂടുന്നത് പതിവാക്കി മാറ്റി.
ചാരിറ്റി പ്രവര്‍ത്തനം
ആഘോഷങ്ങളില്‍ നിന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതോടെ അംഗങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹമായി. തൃശൂര്‍ ജില്ലയിലെ ചൂലിശേരിയിലുള്ള പാര്‍വതി സേവാ നിലയത്തിലെ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തെത്തി അവരെ സഹായിക്കുകയായിരുന്നു തുടക്കം. ഇത് വ്യത്യസ്ത അനുഭവമായതോടെ ചാരിറ്റി പ്രവര്‍ത്തനം വിപുലമാക്കി. പ്രായമായ 12 പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി ട്രെയിന്‍മേറ്റ്‌സ് പുതിയ തുടക്കം കുറിച്ചു. ഡോ. റാണി മേനോന്‍ സൗജന്യമായാണ് ട്രെയിന്‍മേറ്റ്‌സിനുവേണ്ടി സൗജന്യ തിമിര ശസ്ത്രക്രിയ നടത്തിക്കൊടുത്തത്.
സ്വന്തമായി സംഗീത വിഭാഗം, ഡ്രാമ ഗ്രൂപ്പ്
ട്രെയിന്‍മേറ്റ്‌സിലെ അംഗങ്ങളും അവരുടെ മക്കളും ഉള്‍പ്പെട്ടതാണ് സംഗീത വിഭാഗം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെത്തുന്ന സ്ഥലങ്ങളിലും സംഗമങ്ങളിലുമൊക്കെ സംഗീത മേളകള്‍ സംഘടിപ്പിച്ച് ആളുകളെ കൈയിലെടുക്കാനുള്ള സംവിധാനങ്ങളുമായാണ് ട്രെയിന്‍മേറ്റ്‌സിന്റെ യാത്ര. വരുംതലമുറയിലേക്ക് പരമ്പരാഗത കലകള്‍ പകര്‍ന്നു കൊടുക്കാനായി സ്വന്തമായി ഡ്രാമ ഗ്രൂപ്പും, തിരുവാതിരക്കളി ടീമും ട്രെയിന്‍മേറ്റ്‌സിനുണ്ടെന്നതും പ്രത്യേകതയാണ്. സംഗമങ്ങളോടനുബന്ധിച്ച് ഡ്രാമകളും ഫ്യൂഷനുകളുമൊക്കെ നടത്താറുണ്ട്.
അട്ടപ്പാടിയില്‍ നടന്ന സാംസ്കാരിക വിനിമയ മേളയില്‍ ട്രെയിന്‍മേറ്റ്‌സിനെ ക്ഷണിച്ചതിനെ തുടര്‍ന്ന് അവിടെയെത്തി വിവിധ പരിപാടികളും അവതരിപ്പിച്ചിരുന്നു.
സ്ത്രീ ശാക്തീകരണവും ജൈവ കൃഷിയും
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പെയിന്റിംഗ് സെമിനാര്‍. 76 വയസ് പ്രായമായ കമല പിഷാരസ്യാരാണ് കുട്ടികളെയും വലിയവരെയുമൊക്കെ പെയിന്റിംഗ് പഠിപ്പിച്ചത്. ഇവര്‍ വരച്ച നൂറോളം ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് പിന്നീട് വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റായി നല്‍കുകയും ചെയ്തു.
ട്രെയിനില്‍ യാത്ര ചെയ്ത് ജോലിക്ക് പോകുന്നവരെങ്ങനെ പറമ്പില്‍ പണിയെടുക്കുമെന്നത് അത്ഭുതമായിരിക്കും. എന്നാല്‍ ജൈവകൃഷി നടത്തിയും ട്രെയിന്‍മേറ്റ്‌സ് വ്യത്യസ്തരായി. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിനടുത്ത് കുളങ്ങാട്ടുകരയില്‍ ഒന്നരയേക്കറോളം സ്ഥലമെടുത്താണ് ട്രെയിന്‍മേറ്റ്‌സ് അംഗങ്ങള്‍ കൃഷി നടത്തുന്നത്. ചേന, വാഴ, കൊള്ളി, കൂര്‍ക്ക തുടങ്ങിയ കൃഷികളാണ് നടത്തുന്നത്. മണ്ണിര കമ്പോസ്റ്റുണ്ടാക്കി ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. അവധിയനുസരിച്ച് അംഗങ്ങള്‍ ബാച്ച് ബാച്ചായാണ് കൃഷി നടത്താനെത്തുന്നത്.
ഓണത്തിന് സ്വന്തമായി ചിപ്‌സ്
ഓണത്തിന് ട്രെയിന്‍മേറ്റ്‌സ് അംഗങ്ങളുടെ വീടുകളില്‍ ചിപ്‌സ് പുറത്തു നിന്ന് വാങ്ങിക്കാറില്ല. കാരണം, ഓണത്തിനു മുമ്പ് ഒഴിവുള്ള ദിവസങ്ങളില്‍ ഇവര്‍ സംഗമിച്ച് നേന്ത്രക്കായ വാങ്ങി സ്വന്തമായി തന്നെ ചിപ്‌സ് വറുക്കുകയാണ് പതിവ്. ഇങ്ങനെയുണ്ടാക്കുന്ന ചിപസ് അംഗങ്ങള്‍ക്കു മാത്രമല്ല അനാഥാലയങ്ങളിലും മറ്റ് ആരോരുമില്ലാത്തവര്‍ക്കും ഇവര്‍ പകുത്തു നല്‍കും. വളര്‍ന്നു വരുന്ന മക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി കണ്ട് മനസിലാക്കേണ്ടതിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് ഭാരവാഹികളുടെ പക്ഷം്.
കടുമാങ്ങ അച്ചാര്‍
മാങ്ങയുടെ സീസണ്‍ ആരംഭിച്ചാല്‍ പിന്നെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള കടുമാങ്ങ അച്ചാര്‍ ട്രെയിന്‍മേറ്റ്‌സ് അംഗങ്ങളുടെ വീടുകളിലെത്തും. അവധിയനുസരിച്ച് അംഗങ്ങള്‍ കടുമാങ്ങയച്ചാറിട്ട് എല്ലാവര്‍ക്കും നല്‍കുന്നതാണ് രീതി. ഇത് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണത്രേ. ഇതുമൂലം ഒരു വര്‍ഷത്തേക്ക് വേറെ കടുമാങ്ങ അച്ചാര്‍ പുറത്തു നിന്ന് വാങ്ങേണ്ടി വരില്ല. അംഗങ്ങള്‍ക്കു മാത്രമല്ല അനാഥാലയങ്ങളിലും മറ്റു സ്ഥലങ്ങളിലേക്കും ഇവര്‍ സൗജന്യമായി തന്നെ കടുമാങ്ങ അച്ചാര്‍ വിതരണം ചെയ്യും. സാധാരണ 500 കടുമാങ്ങയെങ്കിലും ഇവര്‍ ഇടാറുണ്ട്. അവധി ദിവസങ്ങള്‍ നോക്കി സ്വയമായാണ് എല്ലാവരും ഈ പണികളൊക്കെ ചെയ്യുന്നതെന്നാതാണ് മറ്റൊരു പ്രത്യേകത. ഇനി നല്ല ഗോതമ്പ് നോക്കി വാങ്ങി പൊടിയാക്കി നല്‍കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. കൂടാതെ കറിപൗഡര്‍ യൂണിറ്റ് തുടങ്ങാനും ആലോചനയുണ്ടത്രേ.
സ്വന്തമായി ഓഫീസ്
ട്രെയിന്‍മേറ്റ്‌സിന് സ്വന്തമായി ഒരു ഓഫീസുണ്ടെന്നതും പലരെയും അത്ഭുതപ്പെടുത്തും. ട്രെയിന്‍ യാത്രയില്‍ മാത്രമല്ല, കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ കൂടാന്‍ ഒരു സ്ഥലം വേണമെന്ന ചിന്തയാണ് ഓഫീസ് ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തുള്ള വാടകക്കെട്ടിടത്തിലാണ് ട്രെയിന്‍മേറ്റ്‌സ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ട്രെയിന്‍മേറ്റ്‌സ് വലിയ സംഘടനയായി വളര്‍ന്നതോടെ എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും 17 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കാറാണ് പതിവ്. ട്രെയിന്‍മേറ്റ്‌സിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച തൃശൂര്‍ സ്വദേശി കെ.ചന്ദ്രനാണ് ഇപ്പോഴത്തെ പ്രസിഡന്റ്. കെ.ജി.ബാലകൃഷ്ണനാണ് സെക്രട്ടറി. 94 വയസിലും യാത്ര ഇഷ്ടപ്പെട്ടിരുന്ന പരേതനായ ലൂയീസ് മാസ്റ്ററായിരുന്നു ട്രെയിന്‍മേറ്റ്‌സിന്റെ രക്ഷാധികാരി.
ഡോക്യുമെന്ററി നിര്‍മാണവും വഴങ്ങുമെന്ന് ട്രെയിന്‍മേറ്റ്‌സ് തെളിയിച്ചു.
യാത്ര ഇഷ്ടപ്പെട്ടിരുന്ന 93വയസുണ്ടായിരുന്ന രക്ഷാധികാരിയായിരുന്ന ലൂയീസ് മാസ്റ്ററെ കുറിച്ചായിരുന്നു ഡോക്യുമെന്ററി നിര്‍മിച്ചത്. 22 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഡോക്യുമെന്ററി വിദേശികളുടെ ആവശ്യത്തെത്തുടര്‍ന്ന് ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി നല്‍കിയിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ യാത്ര ചെയ്തിരുന്ന ലൂയീസ് മാസ്റ്ററെ കുറിച്ച് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി നല്‍കുന്നതിനാണ് ഡോക്യുമെന്ററി നിര്‍മാണവും നടത്തിയതെന്ന് പ്രസിഡന്റ് കെ.ചന്ദ്രന്‍ പറഞ്ഞു. കൂടാതെ ലൂയീസ് മാസ്റ്ററെ കുറിച്ചെഴുതിയ ഒരു സീസണ്‍ ടിക്കറ്റെന്ന പുസ്തകത്തിന്റെ പ്രകാശനവും ട്രെയിന്‍മേറ്റ്‌സാണ് നടത്തിയത്.
യാത്രയ്ക്കും തിരക്കിനുമിടയില്‍ സാമൂഹ്യ പ്രതിബദ്ധതയും മൂല്യങ്ങളും കൈവിടാതെ വരും തലമുറയിലേക്ക് കൈമാറണമെന്ന ലക്ഷ്യത്തോടെയാണ് ട്രെയിന്‍മേറ്റ്‌സ് യാത്ര തുടരുന്നതെന്ന് പ്രസിഡന്റ് കെ.ചന്ദ്രന്‍ പറയുന്നു. ഈ യാത്ര അവസാനിക്കില്ല. യാത്രയ്ക്കുമപ്പുറത്തേക്ക് യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ട്രെയിന്‍മേറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞ് വിദേശത്തു നിന്നു പോലും പലരും പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ എത്താറുണ്ട്. രാജ്യത്തിനു തന്നെ മാതൃകയാകുന്ന ഈ യാത്രക്കാരുടെ സംഘടന കേരളത്തിന്റെ അഭിമാനമായി മാറുകയാണിപ്പോള്‍.