തൃക്കരിപ്പൂർ: ട്രെയിൻ യാത്രയ്ക്കിടെ ഇന്നലെ രാത്രി തെറിച്ചുവീണ കൊല്ലം സ്വദേശിയായ യുവാവിനെ വടക്കേ കൊവ്വലിനടുത്ത് ഗുരുതര പരിക്കോടെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസിനെ (33) ആണ് തലയ്ക്കും കാലിന്റെ എല്ലിനും പൊട്ടലുകളോടെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നുരാവിലെ നാട്ടുകാർ തൃക്കരിപ്പൂർ അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയായിരുന്നു. ആദ്യം തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലുമെത്തിച്ചു.
ഇന്നലെ രാത്രി മംഗളൂരുവിൽ നിന്നു കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിൽ മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നു യുവാവ് വീണതായ വിവരം ലഭിച്ച ഉടൻ പിലിക്കോട് മുതൽ പയ്യന്നൂർ വരെ പാളത്തിനരികിൽ നാട്ടുകാരും പോലീസും മൂന്നു മണിക്കൂറോളം തെരച്ചിൽ നടത്തിയിരുന്നു.
രാത്രി ഏഴോടെ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയതിനുശേഷം യാത്ര തുടർന്ന മാവേലി എക്സ്പ്രസിൽ നിന്നു വീണതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വിവരം നൽകുകയായിരുന്നു.