കമ്പാര്‍ട്ട്‌മെന്റ് ലേബര്‍റൂമായി! യുവതിയ്ക്ക് ട്രെയിനില്‍ സുഖപ്രസവം; ഒന്നരവര്‍ഷം മുമ്പ് മൂത്തകുട്ടിയ്ക്ക് ജന്മം നല്‍കിയതും ട്രെയിനില്‍; സംഭവമിങ്ങനെ

പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വാഹനത്തില്‍ പ്രസവിക്കുക എന്നത് പുതുമയുള്ള കാര്യമല്ല. വിമാനത്തില്‍ വരെ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. വിമാനത്തില്‍ ജനിച്ച കുട്ടികള്‍ക്ക് കമ്പനികള്‍ ആജീവനാന്തം സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന സംഭവങ്ങളുമുണ്ട്.

എന്നാല്‍ ഇതിനേക്കാളൊക്കെ കൗതുകമുണര്‍ത്തുന്ന മറ്റൊരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു യുവതിയുടെ രണ്ട് പ്രസവവും ട്രെയിനില്‍ വച്ച് സംഭവിച്ചു എന്നതാണത്. സംഭവമിങ്ങനെ..

കോഹ്‌ലാപ്പൂരില്‍ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് യെല്ലവാ മായുര്‍ ഗേയ്ക്ക്വാദ് എന്ന 23 കാരി മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടയില്‍ പ്രസവവേദന തുടങ്ങിയ അവര്‍ക്ക് റെയില്‍വേ ജീവനക്കാരുടെ സഹായവും സംവിധാനവും കിട്ടിയപ്പോള്‍ തീവണ്ടിയില്‍ തന്നെ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

അതേസമയം ഒന്നര വര്‍ഷം മുമ്പ് ഇവര്‍ മൂത്ത ആണ്‍കുട്ടിയെ പ്രസവിച്ചതിന്റെ തനിയാവര്‍ത്തനമായിരുന്നു ഇതും. കൂലിപ്പണിക്കാരനായ ഭര്‍ത്താവും മക്കള്‍ക്കുമൊപ്പം കോലാപ്പൂരിലെ ഒരു വാടക വീട്ടിലാണ് യെല്ലവാ താമസിക്കുന്നത്. ഇവര്‍ക്ക് മൂത്ത ഒരു മകളും മകനുമുണ്ട്.

വീട്ടുവേല ചെയ്ത് ഭര്‍ത്താവിനെ സഹായിച്ചിരുന്ന ഇവര്‍ റായ്ബാഗ് ടൗണില്‍ നിന്നും 7 കിലോമീറ്റര്‍ മാറിയുള്ള ഷാഹു പാര്‍ക്കിലെ വീട്ടില്‍ നിന്നും പതിവായി മൂന്ന് മണിക്കൂര്‍ ചെലവഴിച്ച് ട്രെയിനില്‍ പോയി വരും. തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഹരിപ്രിയ എക്സ്പ്രസില്‍ വെച്ചായിരുന്നു കുട്ടിയുണ്ടായത്. പ്രസവദിവസം അടുത്തിരുന്നതിനാല്‍ ഭര്‍ത്തൃസഹോദരിയും യാത്രയില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

രാവിലെ 9.30 യോടെ റായ്ബാഗില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ചിഞ്ചാലിയില്‍ ജനത്തിരക്കേറിയ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വെച്ച് യെല്ലവയ്ക്ക് പ്രസവവേദന തുടങ്ങി. വേദന കടുത്തതോടെ ചിലര്‍ അവര്‍ക്ക് ഇരിക്കാന്‍ സീറ്റ് കൊടുത്തു. എന്നാല്‍ വേദന വീണ്ടും കടുത്തതോടെ പ്രസവിക്കാന്‍ സമയമായെന്ന് അവര്‍ മനസ്സിലാക്കി.

ഇതിനിടയില്‍ റെയില്‍വേ ജീവനക്കാര്‍ റായ്ബാഗ് സ്റ്റേഷനിലെ 108 ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ട്രെയിനില്‍ തന്നെ പ്രസവിക്കുമെന്നായതോടെ സ്റ്റാഫുകള്‍ പെട്ടെന്ന് തന്നെ കമ്പാര്‍ട്ട്മെന്റ് ഒഴിപ്പിച്ച് ബെഡ്ഷീറ്റുകൊണ്ട് ഒരു പ്രസവവാര്‍ഡ് പെട്ടെന്ന് തീര്‍ത്തു. തുടര്‍ന്ന് ഭര്‍ത്തൃസഹോദരിയുടെയും ട്രെയിനില്‍ തന്നെയുണ്ടായിരുന്നു മറ്റ് ചില യാത്രക്കാരികളുടെയും സാന്നിദ്ധ്യത്തില്‍ തന്നെ യെല്ലവ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.

പിന്നീട് റായ്ബാഗില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം ആംബുലന്‍സ് സ്റ്റാഫ് മാതാവിനും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഒന്നര മണിക്കൂറാണ് റായ്ബാഗില്‍ ട്രെയിന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പിടിച്ചിട്ടത്. പിന്നീട് റായ്ബാഗ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Related posts