കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് തീവണ്ടിയില്‍ യാത്രക്കാരന് സഹയാത്രികരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ച സംഭവത്തില്‍ ദുരൂഹത.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയ ഉടനെ റോഡിലേക്കിറങ്ങുന്നതും തയാറായി നിന്ന ഒരു ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അക്രമം നടക്കുന്ന സമയത്തുതന്നെ ബൈക്ക് ഇയാളെ കാത്ത് ഇവിടെ നിര്ത്തിയിട്ടിരിക്കുകയായിരുന്നെന്നാണ് നിഗമനം. അന്വേഷണത്തില്‍ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസറിയിച്ചു.
ചുവന്ന ഷര്‍ട്ടും തൊപ്പിയും വച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്സാക്ഷികള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് ഒരു യാത്രക്കാരന് ഓടുന്ന ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീവച്ചത്. കോഴിക്കോട് ഏലത്തൂര്‍ സ്റ്റേഷനു സമീപത്ത് വച്ച് ഡി 1 കമ്പാര്‍ട്ട്മെന്റിലാണ് അക്രമം അരങ്ങേറിയത്.
സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. തിരൂര്‍ സ്വദേശി അനില്‍ കുമാര്‍, അദ്വൈത്, സജിഷ, തളിപ്പറമ്പ് സ്വദേശി റൂബി, എറണാകുളം സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, പ്രകാശന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു യുവാവിനെയും യുവതിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തീപിടിത്തമുണ്ടായപ്പോള്‍ പരിഭ്രാന്തിയില്‍ ട്രെയിനില്‍നിന്ന് ചാടിയതാകാമെന്നാണ് വിലയിരുത്തല്‍.
മരണം മൂന്നായി
കോഴിക്കോട്: ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് തീവണ്ടിയിൽ യാത്രക്കാരൻ നടത്തിയ തീവയ്പ്പിനെത്തുടർന്ന് പരിഭ്രാന്തരായി പാളത്തിലേക്ക് ചാടിയ മൂന്ന് പേർ മരിച്ചു. ഒരു യുവാവിനെയും യുവതിയെയും ഇവരുടെ കുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊയിലാണ്ടിക്കും കോരപ്പുഴയ്ക്കും ഇടയിലുള്ള മേഖലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തീപിടിത്തമുണ്ടായപ്പോള്‍ പരിഭ്രാന്തിയില്‍ തീവണ്ടിയിൽ നിന്ന് ഇറങ്ങിയ ഇവരെ കാണാനില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
തുടർന്ന് റെയിൽവേ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പാളത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.