പയ്യന്നൂര്‍: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത മധ്യ വയസ്കനെ ട്രെയിനില്‍നിന്നും തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമം.ഇന്നലെ പുലര്‍ച്ചെ 2.30ഓടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഗംഗാധരന് കൊച്ചിനാണ് (50) അക്രമത്തില്‍ പരിക്കേറ്റത്. തലയിലും മുഖത്തും പരിക്കേറ്റ ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലാപുരം കാര്‍ക്കളയില്‍ റബര്‍ എസ്റ്റേറ്റ് ഷോര്‍ട്ടര്‍ ചെയ്യുന്ന ജോലി നടത്തിവന്ന ഗംഗാധരന് വിഷുവിന് വീട്ടില്‍പോയി മംഗലാപുരത്തേക്ക് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ തിരിച്ച് വരികയായിരുന്നു.ഇയാള്‍ സഞ്ചരിച്ചിരുന്ന കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരിയായ യുവതിയെ ഉറക്കത്തില്‍ ചിലര്‍ ശല്യം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ചോദ്യം ചെയ്ത ഗംഗാധരനുമായി ട്രെയിനില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി.കോഴിക്കോട് മുതല്‍ ട്രെയിനിലുണ്ടായിരുന്നവരാണ് ഇവരെന്ന് ഗംഗാധരന് പറയുന്നു.
ഇതിനിടയിലാണ് യുവതിയെ ശല്യം ചെയ്തിരുന്ന അപരിചിതരായ രണ്ടുയുവാക്കള്‍ തന്നെ പുറത്തേക്ക് തള്ളിയിട്ടതെന്ന് ഗംഗാധരന് പറയുന്നു.പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്നിരുന്ന ഗംഗാധരനെ വിവരമറിഞ്ഞെത്തിയ പോലീസാണ് ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കിയത്.പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ നിന്നെത്തിയ ബന്ധുക്കള്‍ ഗംഗാധരനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.ട്രെയില്‍ സാവധാനത്തിലായതിനാല്‍ അക്രമത്തില്‍ ജീവന് തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഗംഗാധരന്.
സമീപനാളുകളിലായി പയ്യന്നൂർ സ്റ്റേഷനും പരിസരങ്ങളിലുമുള്ള റെയില്‍വേ പാളങ്ങള്‍ക്കരികില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടുകിട്ടാറുള്ള സംഭവങ്ങളുണ്ട്.കിഴക്കേ കണ്ടങ്കാളിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ട്രെയിനില്‍നിന്ന് വീണ് മരിച്ച നിലയില്‍ ഒരാളെ കണ്ട് കിട്ടിയിരുന്നു.ഒളവറ പാലത്തിന് സമീപത്തും സമാനമായ സംഭവങ്ങളും നടന്നിരുന്നു.പക്ഷേ കൂടുതല്‍ അന്വേഷണങ്ങള്‍ ഇതേപറ്റി നടക്കാത്തതിനാല്‍ ഇതേല്ലാം ദുരൂഹ മരണങ്ങളായി തുടരുകയാണ്.