ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി പാളംതെറ്റി മലബാർ മേഖലയിൽ തീവണ്ടി ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്ന് ഉച്ചയോടു കൂടി മാത്രമേ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രാവിലെ 6.10നാണ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ- മംഗലാപുരം മെയിൽ പാളം തെറ്റിയത്.
തീവണ്ടിയുടെ ഒന്ന്, രണ്ട് ബോഗികളാണ് റെയിൽവേ പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുന്പ് പ്രധാന ട്രാക്കിൽ ബൗളിംഗ് പിറ്റിൽ വച്ച് പാളം തെറ്റിയത്. ഇതിൽ ഒന്നാം ബോഗിയിൽ ആർഎംഎസ് ഉരുപ്പടികൾ ആണ് ഉണ്ടായിരുന്നത്. രണ്ടാം ബോഗിയിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്ന് ഉന്നത റെയിൽവേ അധികൃതരും റെയിൽവേ എൻജിനീയറിംഗ് വിഭാഗവും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. യാത്രക്കാരെ പൂർണമായും ബോഗികളിൽ നിന്നും ഒഴിവാക്കി ചെന്നൈ മെയിൽ യാത്ര അവസാനിപ്പിച്ചു.
ഷൊർണൂർ ജംഗ്ഷലൂടെ കടന്നുപോകുന്ന മുഴുവൻ തീവണ്ടികളും വൈകി. മലബാർ മേഖലയിൽ നിന്നും വരുന്ന തീവണ്ടികൾ വിവിധ സ്ഥലങ്ങളിൽ പിടിച്ചിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. സേലം, പാലക്കാട് ഡിവിഷനുകളിൽ നിന്നും പുറപ്പെടുന്ന തീവണ്ടികൾ ചിലത് ഷൊർണൂർ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോകാൻ സാഹചര്യമൊരുക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പൂർണമായും വിജയിച്ചിട്ടില്ല.
പാലക്കാട്ടുനിന്നും കോഴിക്കോട്ടുനിന്നും തൃശൂരിൽ നിന്നും ംഎൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.