കോഴിക്കോട്: യാത്രക്കാര്‍ക്ക് കാലുകുത്താന്‍ ഇടമില്ലാത്തവിധത്തില്‍ തിരക്കനുഭവപ്പെടുന്ന പരശുറാം എക്സ്പ്രസ് ട്രെയിനില്‍ യാത്ര പേടിസ്വപ്നമായി മാറുന്നു. തിക്കും തിരക്കും കാരണം ഈആഴ്ച കുഴഞ്ഞുവീണ യാത്രക്കാരുടെ എണ്ണം മൂന്നായി. മൂന്നു വനിതാ യാത്രക്കാരാണ് പരുശുറാമില് കുഴഞ്ഞുവീണത്.
ഇന്നലെ വടകരയില്‍നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന യാത്രക്കാരി വെസ്റ്റ്ഹില്ലില്വച്ചാണ് ട്രെയിനിൽ കുഴഞ്ഞുവീണത്.
വന്ദേഭാരതിനു കടന്നുപോകാന്‍ ഇന്നലെ വെസ്റ്റ്ഹില്ലില്‍ ഇരുപതുമിനിറ്റ് പരശുറാം എകസ്പ്രസ് പിടിച്ചിട്ട സമയത്താണ് യുവതി കുഴഞ്ഞുവീണത്. സഹയാത്രികര്‍ പരിചരിച്ചശേഷം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി. വടകരയില്‍ നിന്നു കയറിയതുമുതല്‍ ഇവര്‍ നില്‍ക്കുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും കയറിയ രണ്ടു വിദ്യാര്‍ഥിനികള്‍ ഈ ട്രെയിനില്‍ കുഴഞ്ഞുവീണിരുന്നു.
രാവിലെ 8.40ന് കോഴിക്കോട്ട് എത്തുന്ന മംഗലാപുരം-നാഗര്‍കോവില്‍ പരശുറാമിനെയാ ണ് രാവിലെ ഓഫീസുകളിലെത്താനുള്ളവരും വിദ്യാര്‍ഥികളുമെല്ലാം ആശ്രയിക്കുന്നത്. പുലര്‍ച്ചെ 5.05നാണ് മംഗലാപരുത്തുനിന്ന് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. കണ്ണൂരിലെത്തുമ്പോള്തന്നെ നില്ല തിരക്കായിരിക്കുമെന്ന് യാത്രക്കാര്‍ പറയുന്നു.
കണ്ണൂര്‍ വിട്ടാല്‍ യാത്രക്കാരുടെ എണ്ണം കുടും. കോഴിക്കോട്ട് എത്തുമ്പോക്കേും നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം തിരക്കായിരിക്കും. അതിനുപുറമേ വന്ദേഭാരതിനുവേണ്ടി അരമണിക്കൂറോളം സമയം വഴിയില്‍ പിടിച്ചിടുകയും ചെയ്യും. തിരക്കില്‍ വിയര്‍ക്കുന്ന യാത്രക്കാര്‍ക്ക് ഈ കാലതമാസം കൂടി വരുന്നതോടെ ദുരിതം വര്‍ധിക്കും.
വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ട് എത്തുന്ന പരശുറാമിലും നല്ല തിരക്കാണ്. ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തില്‍ വിഷമിക്കുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് റെയില്‍വേ അധികൃതര്‍. കാര്യമായ ഇടപെടല്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം പാലക്കാട്ട് ഡിവിഷനിലെ ട്രെയിന്‍ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നുവെങ്കിലും ഈ വിഷയത്തില്‍ ക്രിയാത്മകമായ ചര്‍ച്ചയൊന്നും നടന്നില്ല.
യാത്രാദുരിതം പരിഹരിക്കുന്നതിനു നടപടിയും യോഗം ശിപാര്‍ശ ചെയ്തിട്ടില്ല. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
യോഗത്തില്‍ വ്യാപാര മേഖല, പാസഞ്ചര്‍ അസോസിയേഷന്, വ്യവസായികള്‍, ഉപഭോക്തൃസംഘടനകള്‍, എം.പിമാരുടെ പ്രതിനിധികള്‍ എന്നിവരെല്ലാം സംബന്ധിച്ചിരുന്നു. ട്രെയിനുകള്‍ നിര്‍ത്തിയിടല്‍, ടിക്കറ്റ് പ്രശ്നം, യാത്രക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.