കോട്ടയം: ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പിഞ്ചു കുഞ്ഞ് ആശുപത്രിയിൽ മരിച്ചു. ഇന്നു രാവിലെ ചെന്നൈ സൂപ്പർ എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു തിരുവനന്തപുരം ആര്യനാട് സ്വദേശികളായ സജിത്ത്- ബിസ്മിയ ദന്പതികളുടെ മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയാണു മരിച്ചത്.
ഇന്നു പുലർച്ചെ 4.30നാണ് ചെന്നൈ എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു പിഞ്ചു കുഞ്ഞിനു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടൻ തന്നെ ആർപിഎഫ് അധികൃതരുടെ നേതൃത്വത്തിൽ കുഞ്ഞിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഏഴാം മാസത്തിൽ പിറന്ന കുഞ്ഞിനു തലച്ചോറിൽ വെള്ളം കെട്ടിനില്‍ക്കുന്ന രോഗമുണ്ടായിരുന്നതായി റെയിൽവേ പോലീസ് പറഞ്ഞു. കുഞ്ഞിന്റെ കണ്ണിനുണ്ടായ രോഗത്തിനു ചികിത്സ നല്‍കുന്നതിനായി കോയന്പത്തൂരിലുള്ള ആശുപത്രിയിൽ പോയി തിരികെ തിരുവനന്തപുരത്തേക്കു മടങ്ങുന്പോഴാണു സംഭവം. കുഞ്ഞിനൊടൊപ്പം അമ്മയും ബന്ധുക്കളുമുണ്ടായിരുന്നു.