കോഴിക്കോട്: യാത്രക്കാര്‍ക്ക് പേടി സ്വപ്നമായി ട്രെയിന്‍യാത്ര. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രെയിനുകളിലെ യാത്രാത്തിരക്ക് വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്.
അവധി എല്ലാം കഴിഞ്ഞ് ഇന്നലെ രാവിലെ പരശുറാം എക്സ്പ്രസില്‍ കയറിയ രണ്ട് സ്ത്രീയാത്രക്കാർ തിരക്ക് മൂലം ബോധം കെട്ടുവീണു. ഈ മാസം അഞ്ചാം തവണയാണ് ട്രെയിനിലെ തിരക്കു മൂലം യാത്രക്കാരുടെ ബോധം പോകുന്ന അവസ്ഥയുണ്ടാകുന്നത്.
പൊതുവേ തിരക്ക് ഏറെയുള്ള ട്രെയിനാണ് പരശുറാം എക്സ്പ്രസ്. തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
സാധാരണ യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളിലെ ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് മലബാറിലെ വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല സ്റ്റേഷനുകളിൽനിന്നും ട്രെയിനിൽ കയറാൻപോലും കഴിയാത്ത തിരക്കാണ്. ലഗേജുകള്‍ കൂടിയാകുമ്പോള്‍ ഒറ്റക്കാലില്‍ നിന്നുപോകേണ്ട അവസ്ഥയാണെന്ന് യാത്രക്കാര്‍ പറയുന്നു.
മലബാർ, മാവേലി, തിരുവനന്തപുരം എക്സ്പ്രസ്, ആലപ്പി- കണ്ണൂർ, കണ്ണൂർ-എറണാകുളം തുടങ്ങി കേരളത്തിനുള്ളിൽ സർവീസ് നടത്തുന്ന മിക്ക ട്രെയിനുകളിലും കയറിപ്പറ്റാന്‍ പെടാപ്പാടുതന്നെയാണ്. തത്കാൽ ബുക്കിംഗ് തുടങ്ങിയാൽ മുഴുവൻ ടിക്കറ്റുകളും വിറ്റു തീരാൻ 5 മിനിറ്റു പോലും വേണ്ടിവരുന്നില്ല.
16649 പരശുറാം എക്സ്പ്രസ് രാവിലെ മംഗലാപുരത്ത് നിന്ന് പത്തു മിനിറ്റ് നേരത്തെ പുറപ്പെടുക, രാവിലെ മംഗലാപുരത്ത് നിന്ന് കോഴിക്കോട് പോകുന്ന 16610 പാസഞ്ചർ വണ്ടി തിരിച്ച് ഉച്ചതിരിഞ്ഞ് 2.05 ന് 06481 നംപരായി അധികം യാത്രക്കാർ ഇല്ലാതെ കണ്ണൂരേക്കും തുടർന്ന് 06469 ആയി ചെറുവത്തൂരിലെക്കും പോകുന്നതിനു പകരം കോഴിക്കോട് നിന്ന് തിരക്ക് ഏറെ ഉള്ള വൈകീട്ട് 5.30 ന് നേരിട്ട് മംഗലാപുരത്തേക്ക് വിടുക, 6650 പരശുറാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ പിടിച്ചിടാതെ വൈകീട്ട് 4.05 മണിക്ക് വിടുക, അങ്ങനെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ 16610 തിരിച്ചു 19മണിക്ക് കോഴിക്കോട്-മംഗലാപുരം വണ്ടി ആയി ഓടിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ റെയില്‍വേയ്ക്ക് മുന്നില്‍ വിവിധ സംഘടനകള്‍ വച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും തീരുമാനമായിട്ടില്ല.
പൂജ അവധിദിനങ്ങളിലെ തിരക്ക് കുറക്കാൻ മലബാർ മേഖലയിലേക്ക് കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി സെപ്റ്റംബർ 19ന് റെയിൽവേ അധികൃതർക്ക് നേരിൽകണ്ട് അപേക്ഷ നൽകിയിരുന്നു.
എന്നാൽ, ഒരവധിക്കാല ട്രെയിൻപോലും മലബാർ മേഖലയിലേക്ക് അനുവദിക്കുകയോ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കുകയോ ചെയ്തില്ല.