കോഴിക്കോട്: ട്രയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനായി തിരച്ചില്‍ ഊര്‍ജിതം. താനൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള സ്ഥലങ്ങളിലാണ് ഇന്നലെ രാത്രി മുതല്‍ റെയില്‍വേ പോലീസ് പരിശോധിക്കുന്നത്.
ലോക്കല്‍ പോലീസിന്റെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. മലയാളിയായ യുവാവാണ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും സമീപത്തെ കടകളിലേയും മറ്റും ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ് . ലോഡ്ജുകളിലും ഹോട്ടലുകളിലുമെല്ലാം പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇന്നലെ രാത്രി ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രയിനിലാണ് കേസിനാസ്പദമായ സംഭവം. ചാത്തമംഗലം സ്വദേശിയായ ഹോംനഴ്സായ യുവതി എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം.
ട്രെയിനിലെ അവസാന കമ്പാര്‍ട്ടുമെന്റിലായിരുന്നു ഇവര്‍ യാത്രചെയ്തത്. തൃശൂരിലെത്തിയപ്പോഴാണ് യുവാവ് കയറിയത്. മദ്യലഹരിയിലായിരുന്ന യുവാവ് കയറിയ സമയം മുതല്‍ ശല്യം ചെയ്യാന്‍ തുടങ്ങി.
മറ്റൊരു കുടുംബവും ഇതേ കമ്പാര്ട്ട്മെന്റിലുണ്ടായിരുന്നു. ശല്യം സഹിക്കവയ്യാതായപ്പോള്‍ യുവതി ബഹളം വയ്ക്കുകയും കമ്പാര്‍ട്ടുമെന്റിലെ മറ്റു യാത്രക്കാര്‍ ഇയാളെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ, യുവതി ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിച്ചു. ഇതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. യുവതി കോഴിക്കോട് റെയില്‍വേ പോലീസില്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.