കോട്ടയം: റെയിൽവേ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടു മാസത്തേക്ക് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെടും. ഏതാനും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഇത് സ്ഥിരം യാത്രക്കാരെ ബാധിക്കും. പലരും ഇതിനികം ബസ് യാത്രയെ ആശ്രയിച്ചു കഴിഞ്ഞു. ട്രാക്കുകളുടെ നവീകരണപ്രവർത്തനങ്ങൾ ഇന്നു ആരംഭിക്കും. അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ ജെ. മാൻവെട്ടം ആവശ്യപ്പെട്ടു.
കേടായ സ്ലീപ്പറുകൾ മാറ്റുക, തേഞ്ഞ് തീർന്ന പാളത്തിനു പകരം പുതിയവ സ്ഥാപിക്കുക, പാളത്തിന്റെ വശങ്ങളിലെ ഭിത്തിബലപ്പെടുത്തുക തുടങ്ങിയവയാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെയ്യുന്നത്. കോട്ടയം റൂട്ടിലെ അമിത ട്രാഫിക്കിനു ചെറിയപരിഹാരമാകുമെങ്കിലും പാസഞ്ചർ ട്രെയിനുകൾ ഇല്ലാതാകുന്നതു യാത്രക്കാർക്കു തിരിച്ചടിയാണ്. കോട്ടയം വഴിയുള്ള ആറു പാസഞ്ചർ ട്രെയിനുകളാണ് ട്രാക്കിന്റെ നവീകരണത്തിന്റെ പേരിൽ രണ്ടു മാസത്തേക്കു റദ്ദാക്കുന്നത്.
ഏറ്റവും കൂടുതൽ തിരക്കുള്ള റൂട്ടായ കോട്ടയം- കുറുപ്പന്തറ – ചങ്ങനാശേരി പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാതെ പുതുതായി ഒരു ട്രെയിൻ പോലും ഇതുവഴി സർവീസ് നടത്താൻ കഴിയില്ല. കോട്ടയം റൂട്ടിൽ വേണാട്, പരശുറാം, കോട്ടയം – കൊല്ലം പാസഞ്ചർ തുടങ്ങിയ ട്രെയിനുകൾ മണിക്കൂറുകളാണു വൈകുന്നത്. രാവിലെ 8.15നു കോട്ടയം വഴി എറണാകുളത്തേക്കു പോകേണ്ട വേണാട് ഭൂരിഭാഗം ദിവസങ്ങളിലും ഒന്പതിനുശേഷമാണു കടന്നു പോകുന്നത്. ഇതോടെ പതിവു യാത്രക്കാരിൽ ഭൂരിഭാഗവും ബസ് യാത്രയെ ആശ്രയിച്ചു.
വൈകുന്നേരം 5.45നു കോട്ടയത്തുനിന്നു കൊല്ലത്തേക്കുള്ള പാസഞ്ചർ വേഗം കുറയ്ക്കുന്നതും വ്യാപക പരാതികൾക്കു കാരണമാകുന്നുണ്ട്. ഇതിനൊപ്പമാണു ആറു പാസഞ്ചറുകൾ ഇന്നു മുതൽ റദ്ദാക്കുന്നത്. റദ്ദാക്കിയ ട്രെയിനുകളുടെ മുന്നിലും പിന്നിലുമായി മറ്റു ട്രെയിനുകൾ ഉള്ളതിനാൽ കാര്യമായ യാത്രാക്ലേശമുണ്ടാകില്ലെന്നു യാത്രക്കാർ കരുതുന്നു. മെമുവിന്റെ റദ്ദാക്കൽ തിരിച്ചടിയായേക്കും.
കേന്ദ്രറെയിൽവേ മന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് നവീകരണം നടത്തുന്നത്. സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലകൂടി വഹിക്കുന്ന സംസ്ഥാന പൊതുമാരാമത്ത് മന്ത്രി ജി. സുധാകരൻ കേന്ദ്രമന്ത്രിയ്ക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. കേരളത്തിലെ റെയിൽവേ ട്രാക്കുകളുടെ നിലവാരം മോശമാണെന്നും ഏതുനിമിഷവും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതാണു കേരളത്തിലെ റെയിൽവേ ട്രാക്കുകളെന്നു കാണിച്ചു കഴിഞ്ഞ സെപ്റ്റംബർ 15നു ദീപികയിൽ വാർത്ത നൽകിയിരുന്നു. ദീപികയുടെ വാർത്ത ഉൾപ്പെടെയാണ് മന്ത്രി ജി. സുധാകരൻ കേന്ദ്രമന്ത്രിക്കു നിവേദനം നൽകിയത്.
റദ്ദാക്കുന്ന ട്രെയിനുകൾ: 66307 കൊല്ലം-എറണാകുളം മെമ്മൂ. കൊല്ലത്തുനിന്നും 7.45നു പുറപ്പെട്ട് 10.10നു കോട്ടയത്ത് എത്തുന്നത്. (ബുധൻ ഇല്ല). 66308 കൊല്ലം-എറണാകുളം മെമ്മൂ. കൊല്ലത്തുനിന്നും 11.10നു പുറപ്പെട്ട് കോട്ടയത്ത് 1.20ന് എത്തുന്നത്. (ബുധൻ ഇല്ല). 55387 എറണാകുളം-കായംകുളം പാസഞ്ചർ. എറണാകുളത്തുനിന്നും ഉച്ചയ്ക്ക് 12നു പുറപ്പെട്ട് കോട്ടയത്ത് 1.22നു എത്തുന്നത്. (ദിവസവും). 66301 എറണാകുളം-കൊല്ലം മെമ്മൂ. എറണാകുളത്തുനിന്നും 2.40നു പുറപ്പെട്ട് 4.20നു കോട്ടയത്ത് എത്തുന്നത്. (തിങ്കൾ ഇല്ല). 56388 കായംകുളം-എറണാകുളം പാസഞ്ചർ വൈകുന്നേരം 5.10നു കായംകുളത്തുനിന്നും പുറപ്പെട്ട് 6.15നു കോട്ടയത്ത് എത്തുന്നത്. 66300 കൊല്ലം-എറണാകുളം മെമ്മൂ. കൊല്ലത്തുനിന്നും 7.45നു പുറപ്പെട്ട് 10.10നു കോട്ടയത്ത് എത്തുന്നത്. (ശനി ഇല്ല).