മുംബൈ: മാനഭംഗ ശ്രമത്തിൽനിന്നു രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിന്റെ വനിതാ കന്പാർട്ട്മെന്റിൽനിന്നു ചാടിയ പെണ്‍കുട്ടിക്കു ഗുരുതര പരിക്ക്. ഞായറാഴ്ച മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽനിന്നു കല്യാണിലേക്കു പോകുന്ന ട്രെയിനിൽ യാത്ര ചെയ്ത പതിനാലുകാരിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.
ട്രെയിനിൽ കയറുന്പോൾ ലേഡീസ് കന്പാർട്ട്മെന്റിൽ പെണ്‍കുട്ടി മാത്രമാണുണ്ടായിരുന്നത്. ട്രെയിൻ പുറപ്പെട്ടപ്പോൾ ഒരു യുവാവ് ബോഗിയിൽ കയറി. ഇയാളോട് ഇറങ്ങിപ്പോകാൻ പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഇറങ്ങിയില്ല. ഇതേതുടർന്ന് പെണ്‍കുട്ടി അപായ ചങ്ങല വലിച്ചു. പക്ഷേ ഇത് പ്രവർത്തിക്കുന്നതായിരുന്നില്ല. ഇതോടെ യുവാവ് തന്റെ അടുത്തേക്കു നടന്നുവന്നു. ഭയചകിതയായ പെണ്‍കുട്ടി ഓടുന്ന ട്രെയിനിൽനിന്നു ചാടുകയായിരുന്നെന്നു പെണ്‍കുട്ടി പോലീസിനു മൊഴി നൽകി.
സമീപമുണ്ടായിരുന്ന തൊഴിലാളികളാണ് ഉടൻതന്നെ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയിൽ 20 തുന്നലുകളാണുള്ളത്.
പെണ്‍കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനായി തെരച്ചിൽ തുടരുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.